നീതുകൃഷ്ണയെ കൊലപ്പെടുത്തിയത് ഒരു പവന് വേണ്ടി  പ്രതി കുടുങ്ങിയത് സമർത്ഥമായ നീക്കത്തിൽ 

Saturday 04 February 2023 11:49 PM IST

കാസർകോട്: കൊല്ലം കൊട്ടിയം കനിയതോട് മുഖത്തല നീതുഭവനിലെ രാധാകൃഷ്ണന്റെ മകൾ നീതു കൃഷ്ണയെ(28)യെ കൊലപ്പെടുത്തി തുണിയിൽ പൊതിഞ്ഞു തള്ളിയത് ഒരു പവൻ സ്വർണ്ണ ബ്രെസ്‌ലെറ്റിന് വേണ്ടി. കൊലക്ക് ശേഷം ഈ സ്വർണ്ണം ബദിയടുക്ക പെർളയിലെ കടയിൽ പണയം വച്ചുകിട്ടിയ 22000 രൂപയുമായാണ് പ്രതി വയനാട് വൈത്തിരിയിലെ ആന്റോ സെബാസ്റ്റ്യൻ (40) മുങ്ങിയത്.

അതിന് മുമ്പ് തോട്ടത്തിലെ തൊഴിലാളികളെ വിളിച്ചു വരുത്തി അഞ്ചു കുപ്പി മദ്യം വാങ്ങി ആഘോഷം നടത്തിയിരുന്നു. ബദിയടുക്ക ഇൻസ്‌പെക്ടറുടെ ചുമതല വഹിക്കുന്ന സൈബർ ക്രൈം ഇൻസ്‌പെക്ടർ കെ പ്രേംസദന്റെയും എസ് .ഐ കെ.പി വിനോദ് കുമാറിന്റെയും നേതൃത്വത്തിൽ നടത്തിയ സമർത്ഥമായ അന്വേഷണത്തിലാണ് നാടകീയമായ ഒരു കൊലപാതകത്തിന്റെ ചുരുളുകൾ അഴിക്കാൻ കഴിഞ്ഞത്. ബദിയടുക്ക ഏൽക്കാന മഞ്ഞിക്കളയിലെ ഷാജിയുടെ റബർ തോട്ടത്തിലെ വീട്ടിലാണ് നീതുവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയിരുന്നത്. ഷാജിയുടെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് ജോലിക്കാണ് ഇരുവരും വന്നത്. തലക്കടിച്ചും കഴുത്ത് ഞെരിച്ചുമാണ് നീതുവിനെ കൊലപ്പെടുത്തിയത്.

ബന്ധം വേർപ്പെടുത്താവശ്യപ്പെട്ടത് പ്രകോപനം

ബന്ധം വേർപെടുത്തി നാട്ടിലേക്ക് പോകാനുള്ള നീതുവിന്റെ ആവശ്യം ആന്റോയെ പ്രകോപിപ്പിച്ചിരുന്നു. സംഭവദിവസം മദ്യപിക്കാൻ കാശില്ലാത്തതിനാൽ ഈയാൾ ആവശ്യപ്പെട്ടിരുന്നു. ഇതും മൃഗീയമായ കൊല നടത്താൻ പ്രതിയ്ക്ക് പ്രേരണയായി. ജനുവരി 27നാണ് യുവതിയെ കൊന്ന് മൃതദേഹം വീടിന്റെ പടിഞ്ഞാറ്റ മുറിയിൽ തുണിയിൽ കെട്ടിവച്ചത്. ഒന്നും സംഭവിക്കാത്ത രീതിയിലായിരുന്നു ആന്റോയുടെ പെരുമാറ്റം. സുഹൃത്ത് ലിജോ അന്വേഷിച്ചപ്പോൾ നീതു ട്രെയിൻ കയറി നാട്ടിലേക്ക് പോയെന്നു പറഞ്ഞു. ബന്ധുക്കൾ വിളിക്കുന്നതും അന്വേഷിക്കുന്നതും തടയാൻ രണ്ടു ഫോണുകളും ഓഫ് ചെയ്തു. ജനുവരി 30 ന് രാവിലെ ആരും കാണാതെ വീട് പൂട്ടി കോഴിക്കോട്ടേക്ക് പോയി അവിടെ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാന്റിന് പുറത്തുകഴിഞ്ഞു. ഫെബ്രുവരി ഒന്നിന് അവിടെ നിന്ന് എറണാകുളത്ത് എത്തി മുറിയെടുത്ത് താമസിച്ചു. പുതിയ ഫോൺ വാങ്ങിച്ചു. അടുത്ത ദിവസം രാവിലെ മുറി ഒഴിവാക്കി അവിടെ നിന്ന് ബസിൽ തിരുവനന്തപുരത്തേക്കും പോയി.

പിന്നാലെ പൊലീസ്

സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ശക്തമാക്കിയ പൊലീസ് സംഘം ആന്റോ മുറി ഒഴിഞ്ഞ് 10 മിനുട്ട് കഴിഞ്ഞപ്പോൾ തന്നെ എറണാകുളം എത്തിയിരുന്നു. തമ്പാനൂരിലെ ലോഡ്ജിൽ കഴിയുന്നതിനിടെ കൊലപാതകം ആളുകൾ അറിഞ്ഞെന്ന് തിരിച്ചറിഞ്ഞ പ്രതി മുംബൈ പനവേലിലേക്ക് പോകാൻ ടിക്കറ്റ് റിസർവ് ചെയ്തു. അതിനകം ഈയാളുടെ പിന്നാലെയെത്തിയ ബദിയടുക്ക പൊലീസ് സംഘം മൂന്നിന് പുലർച്ചെ പ്രതിയെ പിടികൂടുകയുമായിരുന്നു.

മൂന്ന് കേസുകളിലെ പ്രതി

ആന്റോ സെബാസ്റ്റ്യൻ 2007 ൽ തിരുവനന്തപുരത്തെ ഒരു സ്ത്രീയെ വിവാഹം കഴിച്ചു. ആ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്. ഗാർഹിക പീഡനത്തിനും ഭർതൃ പീഡനത്തിനും കേസ് കൊടുത്ത ആ യുവതി വിവാഹ ബന്ധം വേർപെടുത്തി. കോഴിക്കോട് താമസിച്ചപ്പോൾ അയൽവാസിയായ മൂന്ന് മക്കളുടെ അമ്മയെയും കൊണ്ട് ഒളിച്ചോടി. കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് അടക്കം യുവതിയുടെ ഭർത്താവ് നൽകിയ കേസ് ഈയാൾക്കെതിരെയുണ്ട്. ഇക്കഴിഞ്ഞ സെപ്തംബറിൽ കൊല്ലം കൊട്ടിയത്ത് നീതുവിന്റെ വീടിനടുത്ത് ജോലി ചെയ്തപ്പോൾ കുട്ടിയുടെ പാദസ്വരം മോഷ്ടിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. നാല് വർഷം ഒരുമിച്ചു കഴിഞ്ഞ നീതു ഈ സംഭവത്തോടെ ഇയാളെ തള്ളിപറഞ്ഞിരുന്നു. ഡിസംബർ 25 നാണ് ബദിയടുക്കയിൽ എത്തിയത്.

Advertisement
Advertisement