സുപ്രീംകോടതി കടുപ്പിച്ചു, 5 ജഡ്‌ജി നിയമനത്തിന് ഒപ്പ്
ന്യൂഡൽഹി: കൊളീജിയം ശുപാർശ വച്ചു താമസിപ്പിച്ചാൽ നടപടി നേരിടേണ്ടി വരുമെന്ന സുപ്രീംകോടതി മുന്നറിയിപ്പിനു പിന്നാലെ അഞ്ചു പുതിയ ജഡ്‌ജിമാരുടെ നിയമനത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. അഞ്ചു ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് ഇന്നലെ കൊളീജിയത്തിന്റെ ശുപാർശയിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ഒപ്പിട്ടത്. നിയുക്ത ജഡ്‌ജിമാർ നാളെ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും. ഇതോടെ സുപ്രീംകോടതിയിലെ ജഡ്‌ജിമാരുടെ എണ്ണം 32ആയി ഉയരും.
രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.വി. സഞ്ജയ് കുമാർ, പട്ന ഹൈക്കോടതി ജഡ്ജി അഹ്സാനുദ്ദീൻ അമാനുള്ള, അലഹബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താനുള്ള ശുപാർശയ്‌ക്കാണ് അംഗീകാരം ലഭിച്ചത്.
വെള്ളിയാഴ്‌ച കൊളീജിയം ശുപാർശയിൽ അനുമതി വൈകുന്നതിലുള്ള അതൃപ്‌തി രേഖപ്പെടുത്തിയ സുപ്രീംകോടതി അഞ്ചു ദിവസത്തിനുള്ളിൽ തീരുമാനമുണ്ടായില്ലെങ്കിൽ അസുഖകരമായ നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരാകുമെന്ന് മുന്നറിയിപ്പു നൽകിയിരുന്നു. ഉത്തരവ് സംബന്ധിച്ച ഫയൽ രാഷ്ട്രപതി ഭവനിലേക്ക് പോയിട്ടുണ്ടെന്നും ഞായറാഴ്‌ചയ്‌ക്ക് മുൻപ് തീരുമാനമെടുക്കുമെന്നും അറ്റോർണി ജനറൽ വെങ്കിട്ടരമണി കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഇന്നലെ ശുപാർശയ്‌ക്ക് അംഗീകാരം നൽകിയത്.
തീരുമാനം വരാനുണ്ട്
1. സുപ്രീംകോടതിക്കുവേണ്ട ജഡ്‌ജിമാരുടെ അംഗബലം 34
2. നിലവിൽ ഉണ്ടായിരുന്നത് 27, ഇപ്പോൾ 32, ബാക്കി 2
ഇന്നലെ അനുമതി ലഭിച്ച അഞ്ചുപേരുടെ ശുപാർശ കേന്ദ്രസർക്കാരിന്റെ പരിഗണനയിലിരിക്കെ തന്നെ സുപ്രീംകോടതി കൊളീജിയം സമർപ്പിച്ച അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദൽ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരുടെ ശുപാർശയിൽ കേന്ദ്രസർക്കാർ തീരുമാനം വരാനുണ്ട്.
2022 ഡിസംബർ 13 നാണ് അഞ്ച് ജഡ്ജിമാരെ നിയമിക്കാൻ ശുപാർശ ചെയ്തത്. തീരുമാനം വൈകിയതോടെ ജനുവരി 31ന് രണ്ടുപേരെ കൂടി കൊളീജിയം ശുപാർശ ചെയ്‌തു. ജസ്റ്റിസ് അരവിന്ദ് കുമാറിന്റെ ശുപാർശയിൽ കൊളീജിയം അംഗമായ ജസ്റ്റിസ് കെ.എം ജോസഫ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.