നിലച്ചത്,​ നമ്മുടെ മധുരവാണി,​ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്

Sunday 05 February 2023 12:54 AM IST

ചെന്നൈ: പൂവ് വിരിയുംപോലെ പാടി മലയാളികളുടെ ഹൃദയത്തിൽ നിത്യവസന്തമായി മാറിയ വാണി ജയറാം ഓർമ്മയായി. 77 വയസായിരുന്നു. കഴിഞ്ഞയാഴ്‌ച രാഷ്‌ട്രം പദ്മഭൂഷൺ നൽകിയ പ്രിയഗായികയെ ഇന്നലെ രാവിലെ ചെന്നൈ നുങ്കംപാക്കത്തെ വസതിയിൽ മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടത്. തമിഴ്നാട്ടിലെ വെല്ലൂരിലെ കർണാടക സംഗീതകുടുംബത്തിൽ 1945 നവംബർ 30നാണ് വാണി ജയറാം എന്നറിയപ്പെട്ട കലൈവാണി ജനിച്ചത്. അച്ഛൻ ദൊരൈസ്വാമി കൊൽക്കത്ത ഇൻഡോ – ജപ്പാൻ സ്റ്റീൽസിൽ ഉദ്യോഗസ്ഥനായിരുന്നു. ഗായികയും വീണ വിദുഷിയുമായിരുന്ന പത്മാവതിയാണ് മാതാവ്. സംഗീതജ്ഞനായ പിതാവാണ് ആദ്യ ഗുരു.

മുംബയ് സ്വദേശിയും ഇൻഡോ-ബെൽജിയം ചേംബർ ഒഫ് കോമേഴ്സ് എക്സിക്യൂട്ടീവ് സെക്രട്ടറിയുമായിരുന്നു ഭർത്താവ് ജയറാം. സിത്താർ വിദഗ്ദ്ധനായ ജയറാം വാണിയുടെ പ്രൊഫഷനുവേണ്ടി ജോലി ഉപേക്ഷിച്ചു.

തമിഴ്, മലയാളം, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി തുടങ്ങി 19 ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകൾ പാടി. അപൂർവരാഗങ്ങൾ,​ ശങ്കരാഭരണം, സ്വാതികിരണം എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് ദേശീയ അവാർഡുകൾ ലഭിച്ചു. ഗുജറാത്ത്, ഒഡിഷ, തമിഴ്നാട്, ആന്ധ്ര സംസ്ഥാന അവാർഡുകളുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ കിട്ടിയിട്ടുണ്ട്.

1973ൽ സ്വപ്നം എന്ന സിനിമയിലെ സൗരയൂഥത്തിൽ വിടർന്നൊരു....എന്ന ഗാനത്തിലൂടെ സലീൽ ചൗധരിയാണ് വാണിയെ മലയാളത്തിൽ കൊണ്ടുവന്നത്. പിന്നീട് മലയാളത്തിന് നിരവധി അനശ്വര ഗാനങ്ങൾ സമ്മാനിച്ചു. ദേവരാജൻ,​ ദക്ഷിണാമൂർത്തി,​ എം.കെ. അർജ്ജുനൻ, എം.ബി. ശ്രീനിവാസൻ,​ രവീന്ദ്രൻ, ഇളയരാജ തുടങ്ങി എല്ലാ സംഗീത സംവിധായകരുടെയും ഇഷ്ട ഗായികയായിരുന്നു. ഒരിടവേളയ്‌ക്കുശേഷം 1983 എന്ന ചിത്രത്തിലെ ‘ഓല‍‌‌ഞ്ഞാലി കുരുവി’ എന്ന പാട്ടിലൂടെ മലയാളത്തിൽ തിരിച്ചുവന്നു. ആക്‌ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ ‘പൂക്കൾ പനിനീർ പൂക്കൾ’,​ 2017ൽ പുലിമുരുകനിലെ ‘മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ..’ എന്നീ പാട്ടുകളും മലയാളികൾ നെഞ്ചേറ്റി.

വാതിൽ തുറന്നില്ല

ഭർത്താവ് ജയറാമിന്റെ മരണശേഷം മൂന്നു വർഷമായി ഒറ്റയ്ക്കായിരുന്നു താമസം. രാവിലെ 11 മണിയോടെ ജോലിക്കാരി എത്തിയപ്പോൾ വാതിൽ തുറന്നില്ല. അവർ അയൽവാസികളെയും ബന്ധുക്കളെയും വിളിച്ചുവരുത്തി. ബന്ധുക്കൾ വിളിച്ചിട്ടും പ്രതികരണം ഇല്ലാതെ വന്നപ്പോൾ പൊലീസിനെ അറിയിച്ചു. പൊലീസ് വാതിൽ തകർത്ത് കയറിയപ്പോൾ നിലത്ത് കിടക്കുകയായിരുന്നു. നെറ്റിയിൽ മുറിവുണ്ടായിരുന്നു. കട്ടിലിനടുത്തുണ്ടായിരുന്ന ടീപ്പോയിയിൽ തലയിടിച്ചു വീണതാകാമെന്നാണ് നിഗമനം. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി‌.

മലയാളത്തിന്റെ തരംഗം

പിക്‌നിക്കിൽ യേശുദാസിനൊപ്പമുള്ള 'വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി..." ( എം. കെ,​ അ‌ർജ്ജുനൻ )​, യുദ്ധഭൂമിയിലെ 'ആഷാഢമാസം...' ( ആർ. കെ. ശേഖർ)​ എന്നീ രണ്ട് ഗാനങ്ങൾ വാണിയെ മലയാളത്തിന്റെ തരംഗമാക്കിയിരുന്നു. കരുണ ചെയ്യുവാൻ എന്തു താമസം, ഒന്നാനാം കുന്നിന്മേൽ, നാടൻ പാട്ടിലെ മൈന, മഞ്ഞിൽ ചേക്കേറും, സീമന്തരേഖയിൽ,​ ധുംതന ധും തനന ചിലങ്കേ, മാമലയിലെ പൂമര മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ, ഏതോ ജന്മ കല്പനയിൽ, പത്മതീർഥ കരയിൽ, കിളിയേ കിളി കിളിയേ, എന്റെ കൈയിൽ പൂത്തിരി... തുടങ്ങി അറുനൂറിലേറെ മധുരഗാനങ്ങൾ പാടി.