അഗ്‌നിവീർ തിരഞ്ഞെടുപ്പിന് ഓൺലൈൻ പ്രവേശന പരീക്ഷ; ആദ്യ പരീക്ഷ ഏപ്രിലിൽ

Sunday 05 February 2023 1:12 AM IST

ന്യൂഡൽഹി: കരസേനയിലെ അഗ്‌നിവീർ റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കാനുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്തി. ഉദ്യോഗാർത്ഥികൾ നിശ്ചിത കേന്ദ്രങ്ങളിൽ നടത്തുന്ന ഓൺലൈൻ പൊതു പ്രവേശന പരീക്ഷ പാസായാൽ മാത്രമേ തുടർന്നുള്ള കായികക്ഷമത, മെഡിക്കൽ പരിശോധന തുടങ്ങിയ നടപടിക്രമങ്ങളിൽ പങ്കെടുക്കാനാവൂ. 2023-24ലെ റിക്രൂട്ട്‌മെന്റിൽ കരസേനയിൽ ചേരാൻ ആഗ്രഹിക്കുന്ന 40,000 പേർക്ക് പുതിയ റിക്രൂട്ട്‌മെന്റ് നിയമങ്ങൾ ബാധകമാകും. ആദ്യ ഓൺലൈൻ എഴുത്തുപരീക്ഷ 200 കേന്ദ്രങ്ങളിലായി ഏപ്രിലിൽ നടക്കും.

കഴിഞ്ഞ ദിവസം സൈന്യം പുറത്തിറക്കിയ പരസ്യത്തിലാണ് അഗ്‌നിവീർ റിക്രൂട്ട്മെന്റിലെ മാറ്റങ്ങൾ വിശദമാക്കിയത്. പുതിയ നടപടിക്രമങ്ങൾ സംബന്ധിച്ച അറിയിപ്പ് കരസേന അടുത്തയാഴ്ച പുറത്തിറക്കും. ഇപ്പോൾ കായികക്ഷമതാ പരീക്ഷയും മെഡിക്കൽ പരിശോധനയും കഴിഞ്ഞ ശേഷമാണ് എഴുത്തു പരീക്ഷ.

റിക്രൂട്ട്മെന്റ് റാലികളിൽ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ ശാരീരിക ക്ഷമതാ പരിശോധന്‌ക്കായി ഒരുമിച്ച് എത്തുമ്പോൾ തടിച്ചുകൂടുന്നത് നിയന്ത്രിക്കാനായി കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കേണ്ടി വരുന്നുണ്ട്. മെഡിക്കൽ പരിശോധന്‌ക്കു വേണ്ടിയും നിരവധി ജീവനക്കാരെ സജ്ജമാക്കണം. ഇതടക്കം ഭരണപരമായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്തും ചെലവ് ചുരുക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് പരിഷ്‌ക്കാരമെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. പദ്ധതി നടപ്പാക്കിയ ശേഷം ഇതുവരെ 19,000 അഗ്നിവീറുകൾ സൈന്യത്തിൽ ചേർന്നു. മാർച്ച് ആദ്യവാരം 21,000 പേർ കൂടി സേനയിൽ ചേരും.