ഇന്ത്യൻ നിർമ്മിത മരുന്ന് ഉപയോഗിച്ച് കാഴ്ച നഷ്ടപ്പെട്ടതായി പരാതി

Sunday 05 February 2023 1:17 AM IST

ചെന്നൈ: ഇന്ത്യൻ നിർമ്മിത തുള്ളി മരുന്ന് ഉപയോഗിച്ച് യു.എസ് പൗരന്മാർക്ക് കാഴ്ച നഷ്ടപ്പെട്ടെന്ന പരാതിയിൽ ചെന്നൈയിലെ മരുന്നു കമ്പനിയിൽ റെയിഡ്. ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ എന്ന മരുന്നു നിർമ്മാണ കമ്പനിയിലാണ് സെൻട്രൽ ഡ്രഗ്സ് സ്റ്രാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും തമിഴ്നാട് ഡ്രഗ് കൺട്രോളറും റെയിഡ് നടത്തിയത്. തുള്ളിമരുന്നിന്റെ സാമ്പിളുകൾ ശേഖരിച്ചു. ഒരു മരണം ഉൾപ്പെടെ 55 വിധത്തിലുള്ള പ്രശ്നങ്ങൾ യു.എസിലെ ആളുകൾക്ക് സംഭവിച്ചെന്നാണ് യു.എസ് അധികൃതർ പുറത്തു വിട്ടിരിക്കുന്ന വിവരം. മരുന്ന് അമേരിക്കൻ വിപണികളിൽ നിന്ന് പിൻവലിച്ചു.