എയർഷോയോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

Sunday 05 February 2023 12:23 AM IST

തിരുവനന്തപുരം: ശംഖുംമുഖത്ത് നടക്കുന്ന എയർഷോയുമായി ബന്ധപ്പെട്ട് ഇന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 7 മുതൽ 10 വരെ ചാക്ക മുതൽ ആൾസെയിന്റ്സ് കോളേജ് ജംഗ്ഷൻ വരെയും ആൾസെയിന്റ്സ് കോളേജ് ജംഗ്ഷൻ മുതൽ ശംഖുംമുഖം ഡൊമസ്റ്റിക് എയർപോർട്ട് വരെയുമുള്ള റോഡിലാണ് ഗതാഗത നിയന്ത്രണം.

ഗതാഗത ക്രമീകരണവുമായി ബന്ധപ്പെട്ട് ചാക്ക മുതൽ ആൾസെയിന്റ്സ് കോളേജ് ജംഗ്ഷൻ വരെയും ആൾസെയിന്റ്സ് കോളേജ് ജംഗ്ഷൻ മുതൽ ശംഖുംമുഖം ഡൊമസ്റ്റിക് എയർപോർട്ട് വരെയുഉള്ള റോഡുകളുടെ ഇരുവശങ്ങളിലും വാഹനപാർക്കിംഗ് നിരോധിച്ചിട്ടുണ്ട്. ഇവിടെ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പടെയുള്ള നിയമനടപടികൾ സ്വീകരിക്കും. എയർഷോ കാണാനെത്തുന്ന സന്ദർശകരുടെ വാഹനങ്ങൾ ശംഖുംമുഖം സുനാമി പാർക്കിന് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിലും വെട്ടുകാട് സെന്റ്‌മേരീസ് സ്‌കൂൾ ഗ്രൗണ്ടിലും ആൾസെയിന്റ്സ് മാധവപുരം റോഡിന്റെ ഒരുവശത്തും ഡൊമസ്റ്റിക് എയർപോർട്ട് മുതൽ സുലൈമാൻ സ്ട്രീറ്റ് വരെയുള്ള റോഡിന്റെ ഒരുവശത്തും ശംഖുംമുഖം വെട്ടുകാട് റോഡിന്റെ ഒരു വശത്തുമായി പാർക്കിംഗ് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം പാർക്ക് ചെയ്യണം.