രോഗം മാറാൻ മന്ത്രവാദം; കുഞ്ഞിന് ദാരുണാന്ത്യം, ഇരുമ്പുദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചത് 51 തവണ

Sunday 05 February 2023 1:24 AM IST

ഭോപ്പാൽ: ന്യൂമോണിയ മാറാൻ മന്ത്രവാദ ചികിത്സ നടത്തിയതിനെ തുടർന്ന് മൂന്ന് വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ഗോത്ര മേഖലയായ ഷാഡോളിലാണ് രോഗം മാറാൻ ഇരുമ്പു ദണ്ഡ് ചൂടാക്കി പിഞ്ചുകുഞ്ഞിനെ പൊള്ളിച്ചത്. പഴുപ്പിച്ച ദണ്ഡ് കുഞ്ഞിന്റെ വയറ്റിൽ 51 തവണ അമർത്തിയിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. സംസ്കാരം നടത്തിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്ര്‌മോർട്ടത്തിന് അയച്ചു.

പൊള്ളലേറ്റ് ഗുരുതര നിലയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും 15 ദിവസത്തിനു ശേഷം മരിക്കുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു. ഒരു അങ്കണവാടി ജീവനക്കാരിയാണ് കുട്ടിയെ ഉപദ്രവിക്കുന്നതിൽ നിന്ന് മാതാവിനെ വിലക്കിയത്.

മദ്ധ്യപ്രദേശിലെ ഗോത്ര വിഭാഗങ്ങൾക്കിടയിൽ വ്യാപകമായി നടത്തുന്ന മന്ത്രവാദ ചികിത്സാ രീതിയാണിത്. ഇങ്ങനെ ചെയ്താൽ രോഗം മാറുമെന്നാണ് ഇവരുടെ വിശ്വാസം. രോഗം ബാധിച്ച് നില വഷളായിട്ടും കുട്ടിക്ക് വേണ്ട ചികിത്സ നല്കിയില്ലെന്നും ക്രൂരമായി പൊള്ളിക്കുകയായിരുന്നെന്നും വനിതാ ശിശു വികസന ഉദ്യോഗസ്ഥർ പറഞ്ഞു. ന്യൂമോണിയ ബാധിച്ചാണ് കുഞ്ഞ് മരിച്ചതെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് ജില്ലാ കളക്ടർ വന്ദന വൈദ്യ അറിയിച്ചു.

അസുഖം വന്ന കുഞ്ഞിനെ മന്ത്രവാദിയുടെ അടുത്ത് എത്തിക്കുകയായിരുന്നെന്നും രോഗം മാറാതെ വന്നതോടെ ആശുപത്രിയിൽ കൊണ്ടുപോയെന്നും കുഞ്ഞിന്റെ മാതാവ് പറഞ്ഞു. പ്രാദേശിക മാദ്ധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കുഞ്ഞിന്റെ സംസ്കരിച്ച മൃതദേഹം പുറത്തെടുക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. പഴുപ്പിച്ച ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് ചികിത്സ നടത്തിയതിനെ തുടർന്ന് അടുത്തിടെ മറ്റൊരു കുട്ടി ചികിത്സയിൽ കഴിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Advertisement
Advertisement