ലഹരി കൂട്ടുകെട്ട് ഉപക്ഷേിച്ചു: വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂര മർദ്ദനം

Sunday 05 February 2023 1:50 AM IST

തിരുവനന്തപുരം: ലഹരികൂട്ടുകെട്ട് ഉപക്ഷേിച്ചെന്ന് പറഞ്ഞ് വട്ടിയൂർക്കാവ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസുകാരനെ സഹപാഠികൾ വളഞ്ഞിട്ട് മർദ്ദിച്ചെന്ന് പരാതി. കാഞ്ഞിരമ്പാറ സ്വദേശിയായ 16കാരനാണ് ശരീരമാസകലം മർദ്ദനമേറ്റത്. പേരൂക്കട ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയ കുട്ടിക്ക് സ്‌പൈനൽ കോഡിന് ക്ഷേതമേറ്റതിനാൽ കോളർ ഇടേണ്ടിവന്നു.

വെള്ളിയാഴ്ച വൈകിട്ട് 3.30ന് അദ്ധ്യാപകർ നോക്കിനിൽക്കെ 20പേരടങ്ങുന്ന സംഘം ക്ലാസ് റൂമിലിട്ട് മർദ്ദിച്ചെന്നാണ് പരാതി. അക്രമം തടയാൻ ശ്രമിക്കാതിരുന്ന അദ്ധ്യാപകർ വിവരം രക്ഷിതാക്കളെ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. ശരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സ തേടിയതിന് പിന്നാലെ കുട്ടി വിവരം ഡോക്ടറോട് പറയുകയായിരുന്നു.തുടർന്നാണ് രക്ഷിതാക്കളും വിവരമറിയുന്നത്.

മൂന്ന് മാസം മുമ്പ് വിദ്യാർത്ഥി സഹപാഠികൾക്കൊപ്പം ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപകർ വിവരം വീട്ടിൽ അറിയിച്ചു. കൗൺസിലിംഗ് ലഭിച്ച വിദ്യാർത്ഥി ലഹരി ഉപയോഗവും കൂട്ടുകെട്ടും അവസാനിപ്പിച്ചത് മറ്റുള്ളവരിൽ വൈരാഗ്യത്തിനിടയാക്കിയെന്നാണ് സൂചന. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഡി.ജി.പി എന്നിവർക്കും വട്ടിയൂർക്കാവ് സ്റ്രേഷനിലും രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്. അക്രമികൾ പ്രായപൂർത്തിയാകാത്തവരായതിനാൽ കേസ് രജിസ്റ്രർ ചെയ്‌തിട്ടില്ല. ഇന്നലെ വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തി.