ലുലു പുഷ്പമേള രണ്ടാം സീസൺ

Sunday 05 February 2023 12:27 AM IST

തിരുവനന്തപുരം: ലുലുമാളിൽ ഗ്രാൻഡ് എട്രിയത്തിൽ നടക്കുന്ന പുഷ്പമേളയുടെ ഉദ്ഘാടനം ചലച്ചിത്ര താരം ഗൗതമി നായർ ഉദ്ഘാടനം ചെയ്തു. നാളെ വരെയാണ് പുഷ്പമേള. ബ്രസീൽ,മലേഷ്യ,തായ്ലൻഡ് ഉൾപ്പെടെ ലോകരാജ്യങ്ങളിലെ പുഷ്പ-ഫല സസ്യങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും അപൂർവതകളാണ് മേളയെ ഏറെ ആകർഷകമാക്കുന്നത്.

ഇൻഡോർ-ഔട്ട്‌ഡോർ ഗാർഡനിംഗിനടക്കം അനുയോജ്യമായ സസ്യങ്ങൾ, ബിഗോണിയ, ഇസെഡ്-ഇസെഡ്, സ്നേക്ക് പ്ലാന്റ് പോലുള്ള വായു ശുദ്ധീകരണ സസ്യങ്ങൾ, പല വർണ്ണങ്ങളിലുള്ള റോസ, ഓർക്കിഡ്, ബോഗേൻവില്ല അടക്കം സസ്യങ്ങളുടെയും പുഷ്‌പങ്ങളുടെയും ആയിരത്തിലധികം വൈവിദ്ധ്യങ്ങളാണ് മേളയിലുള്ളത്. ഏഴ് ഗ്ലാസ് ജ്യൂസ് വരെ ഒരേസമയം നൽകുന്ന സൺഡ്രോപ് പഴം, ഒരുതവണ കഴിച്ചാൽ മൂന്ന് മണിക്കൂറോളം നാവിൽ മധുര നിലനിറുത്തുന്ന പ്രമേഹ രോഗികളടക്കം ആവശ്യക്കാർ ഏറെയുള്ള മിറാക്കിൾ പഴം എന്നിവ പരിചയപ്പെടാനും തൈകൾ വാങ്ങാനുമായി നിരവധി പേരാണെത്തുന്നത്.

ആറ് മാസം കൊണ്ട് കായ്ക്കുന്നതും എല്ലാക്കാലവും ഫലം തരുന്നതുമായ ആയുർ ജാക് പ്ലാവ്, തായ്ലൻഡ് മാവ്, ചുവന്ന ചക്കച്ചുളകൾ നൽകുന്ന തായ്ലൻഡിന്റെ ഡാംഗ് സൂര്യ, കുരുവോ പശയോ ഇല്ലാത്തെ ചക്ക കായ്ക്കുന്ന പ്ലാവിൻ തൈ എന്നിവ മേളയിലെ താരങ്ങളാണ്. കരീബിയൻ ദ്വീപുകളിൽ നിന്നെത്തിയ കുഞ്ഞൻ ദിനോസറായ ഇഗ്വാന, പൈത്തൺ വിഭാഗത്തിൽപെട്ട കുഞ്ഞൻ പെരുമ്പാമ്പ് ഉൾപ്പെടെ മനുഷ്യരുമായി വേഗം ഇണങ്ങുന്ന വളർത്തുമൃഗങ്ങളും, പെറ്റ്സ് ആക്സസറീസും മേളയിൽ പ്രദർശനത്തിനുണ്ട്. ചെടികൾ സ്വയം നനച്ച് പരിപാലിക്കുന്ന സെൽഫ് വാട്ടറിംഗ് പോട്ടുകളടക്കം ഗാർഡനിംഗ് ഉപകരണങ്ങളുടെ പുതിയ വൈവിദ്ധ്യങ്ങളും മേളയിൽ ശ്രദ്ധനേടി.