ഡോൾഫിനുകൾക്കൊപ്പം നീന്താൻ നദിയിൽ ചാടി,​ സ്രാവിന്റെ ആക്രമണത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം

Sunday 05 February 2023 6:42 AM IST

മെൽബൺ : ഓസ്ട്രേലിയയിൽ ഡോൾഫിനുകൾക്കൊപ്പം നീന്താനായി നദിയിലേക്ക് ചാടിയ 16കാരിക്ക് സ്രാവിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം. വെസ്റ്റേൺ ഓസ്ട്രേലിയയിൽ പെർത്തിലെ സ്വാൻ നദിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. പെൺകുട്ടിയെ ആക്രമിച്ച സ്രാവ് ഏത് സ്പീഷീസിൽപ്പെട്ടതാണെന്ന് വ്യക്തമല്ല. നദിയിൽ നിന്ന് രക്ഷിച്ച് കരയ്ക്കെത്തിച്ചപ്പോഴേക്കും പെൺകുട്ടിയുടെ ജീവൻ നഷ്ടമായിരുന്നു. സുഹൃത്തുക്കൾക്കൊപ്പമാണ് കുട്ടി നദിയിൽ നീന്താനെത്തിയത്. നദിയിൽ സ്രാവുകളുടെ ആക്രമണം അസാധാരണമാണെന്ന് അധികൃതർ പറഞ്ഞു. അപകടത്തിന് പിന്നാലെ നോർത്ത് ഫെർമാന്റിൽ മേഖലയിലെ സ്വാൻ നദി പരിസരത്ത് മുന്നറിയിപ്പ് നൽകി. 1960ലാണ് ഇതിന് മുമ്പ് ഒരു ഓസ്ട്രേലിയൻ നദിയിൽ സ്രാവിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടത്. ഏകദേശം 11 അടി വലിപ്പമുള്ള സ്രാവിന്റെ ആക്രമണത്തിൽ സിഡ്നിയിലാണ് ഒരാൾക്ക് ജീവൻ നഷ്ടമായത്.