കഞ്ഞിക്ക് വകയില്ലെങ്കിലും ഇന്ത്യക്കെതിരായ പുതിയ നീക്കങ്ങൾക്ക് തുടക്കമിട്ട് പാകിസ്ഥാൻ, ലക്ഷ്യം കേന്ദ്രസർക്കാരും സൈന്യവും

Sunday 05 February 2023 11:26 AM IST

ന്യൂഡൽഹി: കഞ്ഞികുടിക്കാൻ വകയില്ലെങ്കിലും, ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്താനുള്ള പുതിയ നീക്കവുമായി പാകിസ്ഥാൻ രംഗത്ത്. ഇന്ത്യയുടെയും കേന്ദ്രസർക്കാരിന്റെയും പ്രതിച്ഛായ തകർക്കുന്ന തരത്തിൽ ഇടപെടാനാണ് പാകിസ്ഥാന്റെ നീക്കമെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ ഏജൻസികൾക്ക് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്.

കാശ്മീരിനെ പരമാവധി ഉപയോഗിക്കാനാണ് വീണ്ടും പാകിസ്ഥാൻ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ ലോകമെമ്പാടുമുളള തങ്ങളുടെ എംബസികളോട് ആവശ്യമായതെല്ലാം ചെയ്യാൻ പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയം രഹസ്യ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. ഇന്നാണ് പാകിസ്ഥാൻ കാശ്മീർ ഐക്യദാർഢ്യ ദിനം ആചരിക്കുന്നത്. ഇതിന് മുന്നോടിയായാണ് രഹസ്യ നിർദ്ദേശം നൽകിയത്. കാശ്മീരിൽ ഇന്ത്യൻ സായുധ സേനയെ അട്ടിമറിക്കാനുള്ള പദ്ധതിയെക്കുറിച്ചും നിർദ്ദേശങ്ങളിൽ വിശദീകരിക്കുന്നുണ്ട്.

അതിനിടെ, നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി (ജെഎം) ബന്ധമുള്ള ആറ് ഭീകരരെ സൈന്യവും ജമ്മു കാശ്മീർ പൊലീസും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ഇവരുടെ പക്കൽ നിന്ന് വൻ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുക്കുകയും ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിൽ, പിടിയിലായവർ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പാകിസ്ഥാൻ അതിർത്തിക്കപ്പുറത്തുള്ള ഭീകരരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന് തെളിവ് ലഭിച്ചതായും ജമ്മു കശ്മീർ പൊലീസ് പറഞ്ഞു.

അതേസമയം, തീർത്തും പരിതാപകരമായ അവസ്ഥയിലാണ് പാകിസ്ഥാന്റെ സാമ്പത്തികരംഗം ഇപ്പോഴും തുടരുന്നത്. ഐ എം എഫിൽ നിന്ന് വായ്പകൾ ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനൊപ്പം കൂടുതൽ രാജ്യങ്ങളോട് സാമ്പത്തിക സഹായം അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആരും ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടില്ല. പണം നൽകിയാൽ അത് ജനങ്ങളുടെ പട്ടിണി മാറ്റുന്നതിന് പകരം ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുമോ എന്നാണ് എല്ലാവരുടെയും പേടി.