ആ വലിയ വിജയത്തിനുശേഷം മോദിയുടെ അടുത്ത ആഗ്രഹം നടപ്പാക്കാനൊരുങ്ങി റെയിൽവേ, ലക്ഷ്യത്തിലെത്തുക അടുത്തവർഷത്തോടെ

Sunday 05 February 2023 12:08 PM IST

ന്യൂഡൽഹി: വന്ദേ ഭാരത് ട്രെയിനുകൾ വൻ വിജയമായതിന് പിന്നാലെ വന്ദേ മെട്രോ നടപ്പാക്കാനൊരുങ്ങി റെയിൽവേ.മെട്രോനഗരങ്ങളിലെ ജനജീവിതം വേഗത്തിലാക്കാനാണ് വന്ദേഭാരത് ട്രെയിനുകളുടെ ചെറുപതിപ്പായി ‘വന്ദേ മെട്രോ’ ആരംഭിക്കുക. വന്ദേ മെട്രോ കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞദിവസം ഹൈദരാബാദിൽ പറഞ്ഞിരുന്നു.

' വന്ദേ ഭാരത് ട്രെയിനിന്റെ വിജയത്തിന് ശേഷം ബഹുമാനപ്പെട്ട പ്രധാനമന്ത്രി ലോകോത്തര നിലവാരത്തിലുള്ള ഒരു പുതിയ പ്രാദേശിക ട്രെയിൻ വികസിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു, അത് വന്ദേ മെട്രോ ആയിരിക്കും' -എന്നാണ് അശ്വിനി വൈഷ്ണവ് പറഞ്ഞത്. നൂറുകിലോമീറ്ററിൽ താഴെയുള്ള രണ്ട് പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാവും വന്ദേ മെട്രോ ഓടുക എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യൂറോപ്പിൽ 'റീജിയണൽ ട്രാൻസ്' എന്ന പേരിൽ ഇത്തരത്തിലുള്ള ട്രെയിൻ സർവീസ് നിലവിലുണ്ട്.

നഗരത്തിലെ ജനങ്ങളുടെ യാത്രയ്ക്ക് പരമാവധി വേഗവും സുഖവും കൈവരുത്തുക എന്നതാണ് വന്ദേ മെട്രോയുടെ പ്രധാന ലക്ഷ്യം. ഏറക്കുറെ വന്ദേ ഭാരത് ട്രെയിനുകളുടെ രൂപം തന്നെയാവും ഇവയ്ക്ക് ഉണ്ടാവുക എങ്കിലും ബോഗികളുടെ എണ്ണം കുറവായിരിക്കും. വന്ദേഭാരതിന് പതിനാറ് ബോഗികളാണുള്ളത്. എന്നാൽ എട്ട് ബോഗികളാവും വന്ദേ മെട്രോയ്ക്ക് ഉണ്ടാവുക. വന്ദേ മെട്രോ ട്രെയിനുകളുടെ രൂപകല്പയും ഈ വർഷം തന്നെ തുടങ്ങുമെന്നും അടുത്ത വർഷത്തോടെ ഉത്പാദനവും സർവീസു ആരംഭിക്കാനാവുമെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.