ഒരുങ്ങിയിറങ്ങി പൊലീസ്, അഴിക്കുള്ളിലായി ഗുണ്ടകൾ! വിവിധ ജില്ലകളിലായി അറസ്റ്റിലായത് നൂറുകണക്കിനുപേർ; 'ഓപ്പറേഷൻ ആഗ്' നടപടി ശക്തമാക്കി

Sunday 05 February 2023 2:59 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകൾക്കെതിരെ വ്യാപക നടപടി തുടരുന്നു. കേരള പൊലീസിന്റെ ഓപ്പറേഷൻ 'ആഗി'ന്റെ ഭാഗമായാണ് നടപടി. വിവിധ ജില്ലകളിലായി നിരവധി ക്രിമിനലുകളെ പൊലീസ് പിടികൂടുകയും കേസെടുക്കുകയും ചെയ്തു.

തിരുവനന്തപുരം സിറ്റി പരിധിയിൽ 113പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് പുറമേ തിരുവനന്തപുരം റൂറലിലും 184പേർ പിടിയിലായെന്നാണ് വിവരം. കോഴിക്കോട് നഗരപരിധിയിൽ മാത്രം 18 വാറണ്ട് പ്രതികളടക്കം 85 ഗുണ്ടകളെ അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലയിൽ കാപ്പ ചുമത്തി നാടുകടത്തപ്പെട്ട അഞ്ചുപേരുൾപ്പെടെ നൂറിലേറെ പേരെ പൊലീസ് കരുതൽ തടങ്കലിലാക്കി. പത്തനംതിട്ടയിൽ 81ഉം കാസർകോട് 85ഉം പേർക്കെതിരെ പൊലീസ് നടപടിയെടുത്തു. വരും ദിവസങ്ങളിൽ മറ്റ് സ്ഥലങ്ങളിലേയ്ക്കും പൊലീസ് നടപടി വ്യാപിപ്പിക്കാനാണ് സാദ്ധ്യത. ഗുണ്ടകളുമായി ബന്ധമുണ്ടെന്ന കാരണത്താൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു.