അമിലോയിഡോസിസ് !  മുഷറഫിന്റെ ജീവനെടുത്ത രോഗം, അധികമാരും കേട്ടിട്ടില്ലാത്ത ഈ അപൂർവ രോഗാവസ്ഥയെ കുറിച്ച് അറിയാം 

Sunday 05 February 2023 3:16 PM IST

ദുബായ് : പാകിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് ദുബായിൽ വച്ച് ഇന്ന് അന്ത്യശ്വാസം വലിച്ചു. അദ്ദേഹത്തിന്റെ കുടുംബമാണ് മരണവാർത്ത പുറം ലോകത്തെ അറിയിച്ചത്. അമിലോയിഡോസിസ് എന്ന അപൂർവ രോഗവുമായി നീണ്ട പോരാട്ടത്തെത്തുടർന്ന് മുഷറഫ് നിരവധി മാസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുഷറഫിന്റെ കുടുംബമാണ് വർഷങ്ങൾക്ക് മുമ്പ് ഈ അസുഖത്തെക്കുറിച്ച് വിവരം പങ്കുവച്ചത്.

എന്താണ് അമിലോയിഡോസിസ്?

പർവേസ് മുഷറഫിന്റെ ജീവൻ അപഹരിച്ച അമിലോയിഡോസിസ് എന്ന രോഗം അവയവങ്ങളിൽ അമിലോയിഡ് എന്ന പ്രോട്ടീൻ അടിഞ്ഞുകൂടുന്ന അവസ്ഥയാണ്. ഇതേതുടർന്ന് രോഗം ബാധിച്ച അവയവം പ്രവർത്തന രഹിതമായി തീരുന്നു. ഇത് മറ്റവയവങ്ങളുടെ പരാജയത്തിലേക്ക് നയിക്കും. നമ്മുടെ ഉദരഭാഗത്ത് കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് അമിലോയിഡ്. അസ്ഥിമജ്ജയിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഈ പ്രോട്ടീൻ മനുഷ്യ ശരീരത്തിലെ അവയവങ്ങളിൽ വലിയ അളവിൽ നിക്ഷേപിക്കുമ്പോഴാണ് പ്രശ്നമാവുന്നത്. സാധാരണയായി അമിലോയിഡോസിസ് ബാധിക്കുന്നത് ഹൃദയം, വൃക്കകൾ, കരൾ, പ്ലീഹ, നാഡീവ്യൂഹം തുടങ്ങിയവയെയാണ്.

ശരീരത്തിലെ ചില ഭാഗങ്ങളിൽ നീർവീക്കം, മരവിപ്പ്, ശ്വാസതടസം, അവയവങ്ങളിൽ വേദന എന്നിവയാണ് ഈ അപൂർവ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ. സ്റ്റെസെൽ റീപ്ലാന്റടക്കമുള്ള വിവിധ തരത്തിലുള്ള ചികിത്സരീതികൾ ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്.

2016 മുതൽ അമിലോയിഡോസിസ് രോഗത്തിന് ദുബായിൽ ചികിത്സയിലായിരുന്നു പർവേസ് മുഷറഫ് . ബേനസീർ ഭൂട്ടോയുടെ കൊലപാതകത്തിൽ കുറ്റാരോപിതനായ മുഷറഫിനെ പാകിസ്ഥാനിൽ പിടികിട്ടാപ്പുള്ളിയായി മുദ്രകുത്തിയിരുന്നു.

Advertisement
Advertisement