മൊബൈൽ മോഷ്‌ടിച്ചെന്ന് ആരോപിച്ചു; വീട്ടമ്മയെ ക്രൂരമായി ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ പതിനാറുകാരൻ പിടിയിൽ

Sunday 05 February 2023 6:13 PM IST

ഭോപാൽ: മോഷണകുറ്റം ആരോപിച്ചതിന് പ്രതികാരമായി വീട്ടമ്മയെ കൊലപ്പെടുത്തി പതിനാറുകാരൻ. മദ്ധ്യപ്രദേശിലെ റേവ ജില്ലയിലാണ് നാടിനെ ഞെട്ടിച്ച ക്രൂരസംഭവമുണ്ടായത്. രണ്ട് വർഷം മുൻപ് തനിക്കുനേരെ മൊബൈൽഫോൺ മോഷണം ആരോപിച്ച 58കാരിയായ വീട്ടമ്മയെയാണ് 16കാരൻ ക്രൂരമായി ബലാൽസംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തിയത്. ജനുവരി 30ന് കൈലാഷ്‌പുരി ഗ്രാമത്തിലാണ് സംഭവം.

സംഭവദിവസം രാത്രി വീട്ടമ്മയുടെ ഭർത്താവും മകനും ഇല്ലാതിരുന്ന സമയത്താണ് പതിനാറുകാരൻ വീട്ടിലെത്തിയത്. ഇവരുടെ പണിനടക്കുന്ന വീട്ടിലേക്ക് വലിച്ചുകൊണ്ടുപോയാണ് വീട്ടമ്മയെ ക്രൂരമായി പീഡിപ്പിച്ചത്. ശബ്‌ദം പുറത്ത് കേൾക്കാതിരിക്കാൻ ഇയാൾ വീട്ടമ്മയുടെ വായിൽ തുണിയും പ്ളാസ്‌റ്റിക് ബാഗും തിരുകി. തലയിലും സ്വകാര്യഭാഗങ്ങളിലും നിരവധി പാടുകളോടെയാണ് വീട്ടമ്മയുടെ മ‌ൃതദേഹം കണ്ടെത്തിയത്. തലയിൽ അരിവാളുപയോഗിച്ച് വെട്ടിയതായാണ് സൂചന. ക്രൂരകൃത്യത്തിന് ശേഷം ഇയാൾ ഒളിവിൽ പോകുകയും ചെയ്‌തു. ദിവസങ്ങളായി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പതിനാറുകാരനെ പിടികൂടിയത്.

ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. രണ്ട് വർഷമായി മനസിൽ സൂക്ഷിച്ച പ്രതികാരമാണ് ഇപ്പോൾ കൊലയ്‌ക്ക് കാരണം. കൊല്ലപ്പെട്ട വീട്ടമ്മയുടെ വീട്ടിൽ ഇടയ്‌ക്കിടെ ടി.വി കാണാൻവന്നിരുന്ന ഇയാൾ മൊബൈൽ മോഷ്‌ടിച്ചു എന്ന് വീട്ടമ്മയും കുടുംബാംഗങ്ങളും ആരോപിച്ചിരുന്നു. ആരോപണം നാട്ടിലാകെ അറിഞ്ഞതോടെ പതിനാറുകാരന് നാട്ടിൽ വലിയ അഭിമാനക്ഷതമുണ്ടായി. ഇതിന്റെ പ്രതികാരമായാണ് ബലാൽസംഗവും കൊലയും നടത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.