പരിയാരത്തിന് വേണം സൂപ്പർ ചികിത്സ

Monday 06 February 2023 12:12 AM IST
പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ്

ബോക്സ് ....

പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തിട്ട് അഞ്ച് വർഷം പിന്നിടുകയാണ്. പരിമിതികളും പരാധീനതകളും നിറഞ്ഞ ഈ ആതുരാലയം ഇപ്പോഴും വിദഗ്ദ്ധ ചികിത്സ തേടുകയാണ്. അഞ്ചാം വർഷത്തിലേക്കു കടക്കുമ്പോഴും പരിമിതികളുടെ അത്യാസന്ന വിഭാഗത്തിൽ കിടക്കുന്ന ഈ ആതുരാലയത്തിനെ രക്ഷിക്കാൻ പ്രാണവായു വേണം. പ്രതിസന്ധികളുടെ മുട്ടിലിഴയുന്ന പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ ഇല്ലായ്മകളിൽ ഒരു അന്വേഷണം.

തയാറാക്കിയത് കെ. രഞ്ജിത്ത്

തളിപ്പറമ്പ്: പരിയാരം മെഡിക്കൽ കോളേജിനെ സൂപ്പർ സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർത്തുമെന്ന പ്രഖ്യാപനത്തിന്

വർഷം അഞ്ച് തികയുകയാണ്. പ്രഖ്യാപനങ്ങൾ നടത്തിയിട്ടും മന്ത്രിമാർ നേരിട്ടെത്തി ശോചനീയാവസ്ഥ നേരിൽ കണ്ട് തിരിച്ചു പോയിട്ടും എല്ലാം പഴയതുപോലെ തന്നെ തുടരുകയാണ്. ചിലതെല്ലാം കിട്ടി എന്ന് പറയുമ്പോഴും അവയ്‌ക്കൊന്നും കുറവുകളെ പരിഹരിക്കാൻ പറ്റാത്ത അവസ്ഥയാണ്.

ചില വിഭാഗങ്ങളിൽ ഡോക്ടർമാരുടെയും ചിലയിടങ്ങളിൽ ഉപകരണങ്ങളുടെയും മരുന്നിന്റെയുമെല്ലാം കുറവുകൾ കാരണം ഉയരുന്ന പരാതികൾക്കും ആക്ഷേപങ്ങൾക്കും ഇടയിലും സാധാരണക്കാരായ അനേകം രോഗികൾക്ക് ആശ്രയമാണ് പരിയാരത്തെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി. സർക്കാർ ഏറ്റെടുക്കുന്ന സമയത്ത് ഒരു വർഷത്തിനുള്ളിൽ കോഴിക്കോട് മെഡിക്കൽ കോളജിനു സമാനമായ രീതിയിൽ ചികിത്സയും അടിസ്ഥാനസൗകര്യവും നടപ്പാക്കുമെന്ന പ്രഖ്യാപനം അധികൃതർ നടത്തിയിരുന്നു. പുതിയ ചികിത്സാ ഉപകരണങ്ങൾ, പുതിയ കെട്ടിടങ്ങൾ, കൂടുതൽ ഡോക്ടർമാർ തുടങ്ങിയ പ്രഖ്യാപനങ്ങൾ ജനങ്ങളിൽ ഏറെ പ്രതീക്ഷ പകർന്നിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥ ഏറെ പരിതാപകരമാണ്.

ഡോക്ടർമാർ കുറവ്...

ഡോക്ടർമാർ ഇല്ലാത്തതിനാൽ ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗം അടച്ചുപൂട്ടിയ നിലയിലാണ്. സ്വകാര്യ ആശുപത്രികളിൽ, വൻ ചികിത്സാ ചെലവു വരുന്ന ഈ വിഭാഗത്തിൽ ഡോക്ടർമാർ ഇല്ലാത്തത് പാവപ്പെട്ട രോഗികളെ ആശങ്കയിലാക്കുന്നു. അസ്ഥിരോഗ ചികിത്സാ വിഭാഗത്തിൽ ഡോക്ടർമാർ കുറഞ്ഞതിനാൽ ഒ.പി ആഴ്ചയിൽ മൂന്നു ദിവസമാക്കി. ശസ്ത്രക്രിയ നടത്താൻ പലപ്പോഴും രണ്ടാഴ്ചയോളമാണ് കാത്തിരിക്കേണ്ടിവരുന്നത്. ചിലർക്ക് സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടി വരുന്നു. അസ്ഥിരോഗ വിഭാഗത്തിൽ 8 വിദഗ്ദ്ധ ഡോക്ടർമാരുണ്ടായിരുന്നിടത്ത്, ഇപ്പോൾ 4 പേർ മാത്രമാണുള്ളത്. റേഡിയോളജി, കാർഡിയോളജി, അത്യാഹിത വിഭാഗങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല. (തുടരും).