ആത്മഹത്യാശ്രമത്തിനിടെ അവശനിലയിലായ യുവതിയ്ക്ക് നേരെ ആംബുലൻസിൽ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

Monday 06 February 2023 12:17 AM IST

തൃശ്ശൂർ: ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിൽ ആശുപത്രിയിലെത്തിച്ച യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. വെള്ളിയാഴ്ച വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കയ്പമഗംലം സ്വദേശിയായ യുവതിയ്ക്ക് ആംബുലൻസിൽ വെച്ചാണ് പീഡനമേറ്റത്. സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരനായ ശ്രീനാരായണപുരം സ്വദേശി ദയാലാലിനെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.

വിഷം കഴിച്ച് അവശനിലയിലായ യുവതിയെ ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലായിരുന്നു എത്തിച്ചത്. അത്യാസന്ന നിലയിലായ യുവതിയെ വിദഗ്ദ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേയ്ക്ക് ആംബുലൻസിൽ കൊണ്ട് പോകുമ്പോഴായിരുന്നു പീഡനശ്രമമുണ്ടായത്. പ്രതി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക് വിഭാഗം താത്ക്കാലിക ജീവനക്കാരനാണ്.