എലപ്പുള്ളിയിലെ മോഷണം: രണ്ടുപേർ അറസ്റ്റിൽ

Monday 06 February 2023 12:34 AM IST

എലപ്പുള്ളി: മേഖലയിൽ നിന്ന് വ്യാപകമായി വീട്ടുപകരണങ്ങളും ഇരുമ്പ് സാധനങ്ങളും മോഷണം നടത്തിയ കേസിൽ ചാത്തംപുള്ളി വേങ്ങോടി സ്വദേശികളായ വിനോദ് (42), സുഭാഷ് (36) എന്നിവരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. സംശയം തോന്നി പ്രതികളിലൊരാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണം വിവരം പുറത്തായത്. പിന്നീട് കൂട്ടുപ്രതിയെ കൂടി പിടികൂടുകയായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വേങ്ങോടി സ്വദേശി ഗിരീഷിന്റെ വീടിന്റെ ഗേറ്റ് നഷ്ടപ്പെട്ടെന്ന പരാതിയിലാണ് പ്രതികളെ പിടികൂടിയത്. മോഷ്ടാക്കൾ ഗേറ്റ് വിറ്റ സ്ഥലം പൊലീസ് കണ്ടെത്തി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. വീടുകളുടെ ഗേറ്റ്, ആളില്ലാത്ത വീടുകളിലെ ഗ്യാസ് കുറ്റികൾ, ചെമ്പ്, അലുമിനിയം പാത്രങ്ങൾ ഉൾപ്പടെ മോഷണം പോകുന്നുണ്ടെന്ന് മൂന്നുമാസമായി നിരന്തരം പരാതിയുയർന്നതോടെ കസബ പൊലീസ് പ്രത്യേകം അന്വേഷണം നടത്തി വരികയായിരുന്നു.

ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്.ഐ സി.കെ.രാജേഷ്, എസ്.സി.പി.ഒ ആർ.രാജീദ്, സി.പി.ഒ.മാരായ സെന്തിൽ, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.