മുഷാറഫ് അന്തരിച്ചു, അന്ത്യം ദുബായിയിലെ ആശുപത്രിയിൽ

Monday 06 February 2023 1:00 AM IST

ദുബായ്:കാർഗിൽ യുദ്ധത്തിന്റെ മുഖ്യ കാരണക്കാരനും പാകിസ്ഥാന്റെ മുൻ പ്രസിഡന്റും പട്ടാള ഏകാധിപതിയുമായിരുന്ന ജനറൽ പർവേസ് മുഷാറഫ് ഇന്നലെ ദുബായിലെ അമേരിക്കൻ ആശുപത്രിയിൽ അന്തരിച്ചു. 79 വയസായിരുന്നു.

ആറ് വർഷമായി ദുബായിലായിരുന്നു. ശരീരത്തിൽ അമിലോയിഡ് പ്രോട്ടീനിന്റെ അളവ് കൂടി മരണത്തിനിടയാക്കുന്ന അമിലോയിഡോസിസ് എന്ന മാരക രോഗത്തിന് ചികിത്സയിലായിരുന്നു. മൃതദേഹം പാകിസ്ഥാനിൽ എത്തിക്കുമോ എന്ന് വ്യക്തമല്ല. സേബാ മുഷാറഫ് ആണ് ഭാര്യ. രണ്ട് മക്കളുണ്ട്. 2016ലാണ് ചികിത്സയ്‌ക്കായി ദുബായിയിലേക്ക് പോയത്.

1999 മുതൽ 2008 വരെ പാകിസ്ഥാൻ അടക്കി ഭരിച്ച മുഷാറഫിന് ഭരണഘടന റദ്ദാക്കിയതുൾപ്പെടെയുള്ള കേസുകളിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി 2019ൽ വധശിക്ഷ വിധിച്ചിരുന്നു. ശിക്ഷ പിന്നീട് റദ്ദാക്കിയിരുന്നു. 2007ഡിസംബറിൽ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട കേസിൽ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു.

1999ൽ പട്ടാള അട്ടിമറിയിൽ പ്രധാനമന്ത്രി നവാസ് ഷെറീഫിനെ പുറത്താക്കിയാണ് മുഷാറഫ് പാകിസ്ഥാന്റെ പത്താമത്തെ പ്രസിഡന്റായത്.1998 മുതൽ 2007 വരെ പാക് സൈനിക മേധാവിയുമായിരുന്നു.

1943ൽ ഡൽഹിയിലാണ് മുഷാറഫിന്റെ ജനനം. വിഭജനത്തെ തുടർന്ന് കുടുംബം പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു. 18 വയസിൽ പാക് പട്ടാളത്തിൽ ചേർന്നു.പടിപടിയായി ഉയർന്ന് സൈനിക മേധാവിയും പാക് പ്രസിഡന്റുമായി.

വിശദ വാർത്ത.....