രാജ്യത്തെ കായിക മേഖലയുടെ ബഡ്ജറ്റ് മൂന്നിരട്ടിയായി; പ്രധാനമന്ത്രി

Monday 06 February 2023 2:36 AM IST

ന്യൂഡൽഹി:രാജ്യത്തിന്റെ കായിക ബഡ്ജറ്റ് 2014 ന് ശേഷം മൂന്നിരട്ടി വർദ്ധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കായിക മേഖലയിൽ പണത്തിന്റെ അഭാവത്താൽ ഒരു ചെറുപ്പക്കാരനും പിന്തളളപ്പെടരുതെന്നതിൽ ഞങ്ങളുടെ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. രാജ്യവർധൻ സിംഗ് റാത്തോഡ് സംഘടിപ്പിച്ച ജയ്പൂർ മഹാഖേലിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

2014 ന് മുമ്പ് കായിക മന്ത്രാലയത്തിന് 850 കോടി രൂപയാണ് അനുവദിച്ചിരുന്നതെങ്കിൽ അത് മൂന്നിരട്ടിയായി. ഖേലോ ഇന്ത്യ യജ്ഞത്തിന് മാത്രം ആയിരം കോടിയിലധികം അനുവദിച്ചു. കായിക മേഖലയിൽ പൂർണ്ണ മനസ്റ്റോടെ പ്രവർത്തിച്ചാൽ ഫലം ഉറപ്പാണ്. കായിക മേഖല വെറും ഒരു ഇനമല്ല, വ്യവസായമാണ്. രാജ്യത്ത് കായിക സർവ്വകലാശാലകൾ സ്ഥാപിക്കുന്നുണ്ട്. കൂടാതെ ഖേൽ മഹാകുംഭ് പോലുളള വലിയ പരിപാടികളും പ്രൊഫഷണലായി സംഘടിപ്പിക്കുന്നു. രാജ്യത്തിന് വേണ്ടി അടുത്ത സ്വർണ്ണ, വെള്ളിമെഡൽ ജേതാക്കൾ നിങ്ങൾക്കിടയിൽ നിന്ന് ഉയർന്ന് വരും. രാജ്യത്തിന്റെ സുരക്ഷയുടെ കാര്യത്തിൽ രാജസ്ഥാനിലെ യുവാക്കൾ എല്ലായ്പ്പോഴും മറ്റുള്ളവരേക്കാൾ മുന്നിലാണ്. പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്യത്തിന്റെ അമൃത കാലത്ത് രാജ്യം പുതിയ നിർവ്വചനങ്ങൾ രൂപപ്പെടുത്തുകയും ഒരു പുതിയ ക്രമം സൃഷ്ടിക്കുകയും ചെയ്യുന്നു.. പ്രധാനമന്ത്രി പറഞ്ഞു.

Advertisement
Advertisement