ബലൂൺ വെടിവച്ചിട്ട സംഭവം; തിരിച്ചടിക്കുമെന്ന് ചൈന

Monday 06 February 2023 4:52 AM IST

വാഷിംഗ്ടൺ: വ്യോമപരിധിയിൽ ആശങ്ക സൃഷ്ടിച്ച ചൈനീസ് ബലൂണിനെ യു.എസ് വെടിവച്ചിട്ട സംഭവത്തിൽ ശക്തമായ അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തി ചൈന. തിരിച്ചടിക്കുമെന്നും തക്കമായ മറുപടി പ്രതീക്ഷിക്കാമെന്നും ചൈന മുന്നറിയിപ്പ് നൽകി. സിവിലിയൻ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിരുന്ന തങ്ങളുടെ ബലൂണിനെ ആക്രമിക്കാൻ യു.എസ് സൈന്യത്തെ ഉപയോഗിച്ചെന്നും യു.എസിന്റേത് കടുത്ത തീരുമാനമായിപ്പോയെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് റ്റാൻ കെഫെരി പറഞ്ഞു.

അതേസമയം, ബലൂൺ കാലാവസ്ഥാ നിരീക്ഷണത്തിനുള്ളതായിരുന്നെന്നും വഴിതെറ്റി അമേരിക്കയിലെത്തിയതാണെന്നുമുള്ള ചൈനയുടെ വാദം യു.എസ് വീണ്ടും തള്ളി. അത് നിരീക്ഷണ ബലൂൺ തന്നെയായിരുന്നെന്നും യു.എസിനും കാനഡയ്ക്കും മുകളിലൂടെ ബോധപൂർവം പറത്തി സൈനിക കേന്ദ്രങ്ങളെ അടക്കം നിരീക്ഷിക്കാൻ ശ്രമിച്ചെന്ന് ഉറപ്പുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. ലാറ്റിനമേരിക്കയിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട മറ്റൊരു ചൈനീസ് ബലൂണിലും നിരീക്ഷണ ഉപകരണങ്ങൾ ഘടിപ്പിക്കപ്പെട്ടിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ പുലർച്ചെയാണ് യു.എസ് മിലിട്ടറി ജെറ്റുകൾ ബലൂണിനെ വെടിവച്ചിട്ടത്. ചെറിയ സ്ഫോടനത്തോടെ ബലൂൺ അറ്റ്‌ലാൻഡിക് സമുദ്രത്തിൽ പതിച്ചു. ബലൂൺ വെടിവയ്ക്കുന്നതിന് മുന്നേ മൂന്ന് എയർപോർട്ടുകളും വ്യോമപാതയും യു.എസ് അടച്ചിരുന്നു. അതേ സമയം, ലാറ്റിനമേരിക്കയിൽ കണ്ടെത്തിയ രണ്ടാമത്തെ ചൈനീസ് ബലൂൺ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

 ട്രംപിന്റെ കാലത്തും

ഇതാദ്യമായല്ല ബലൂണുകൾ യു.എസ് വ്യോമപരിധിയിലൂടെ കടക്കുന്നത്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാലത്ത് യു.എസിന് മുകളിലൂടെ മൂന്ന് തവണ ചൈനീസ് നിരീക്ഷണ ബലൂൺ പറന്നിട്ടുണ്ടെന്നും എന്നാൽ ഏറെ നേരെ ആകാശത്ത് തുടർന്നിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി. ബലൂൺ വെടിവച്ചിടുകയോ പൊതുജനങ്ങളോട് വെളിപ്പെടുത്തുകയോ ചെയ്തില്ലെന്നും പറയുന്നു.

ബലൂൺ വിവാദത്തിന്റെ പേരിൽ പ്രസിഡന്റ് ജോ ബൈഡൻ രാജിവയ്ക്കണമെന്ന് റിപ്പബ്ലിക്കൻമാർ ആവശ്യപ്പെടുന്നതിനിടെയാണ് വെളിപ്പെടുത്തൽ. എന്നാൽ അത്തരമൊരു സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് മുൻ ഡിഫൻസ് സെക്രട്ടറി മാർക്ക് എസ്പറിന്റെ പ്രതികരണം. ബൈഡന്റെ കാലയളവിലും നേരത്തെ ഒരു തവണ ബലൂൺ കണ്ടെത്തിയിട്ടുണ്ട്.

മുൻ വർഷങ്ങളിൽ അഞ്ച് ഭൂഖണ്ഡങ്ങളിലും ചൈനീസ് ബലൂണുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. വിവാദങ്ങൾക്കിടെ രാജ്യത്തെ കാലാവസ്ഥാ നിരീക്ഷണ സർവീസ് തലവനെ ചൈന നീക്കി. ബലൂൺ കാലാവസ്ഥ സംബന്ധമാണെന്ന വാദത്തിന് ബലം നൽകാനുള്ള ചൈനയുടെ ശ്രമമാണിതെന്നാണ് വിലയിരുത്തൽ.

 ' ചാര" ബലൂൺ വിവാദം - ഒറ്റനോട്ടത്തിൽ

 ബലൂൺ ജനുവരി 28 മുതൽ യു.എസ് വ്യോമപരിധിയിൽ. പ്രവേശനം കാനഡയിൽ നിന്ന്. തുടർന്ന് അലാസ്കയിലെ അലൂഷ്യൻ ഐലൻഡ്സിലേക്ക്

 സംഭവം വെള്ളിയാഴ്ച അമേരിക്കൻ പ്രതിരോധ വിഭാഗമായ പെന്റഗൺ വെളിപ്പെടുത്തി. ബലൂൺ പൂർണമായും തങ്ങളുടെ നിരീക്ഷണ വലയത്തിലാണെന്നും പെന്റഗൺ പ്രതികരിച്ചു

വിമാനങ്ങൾ പറക്കുന്നതിൽ നിന്ന് ഏറെ ഉയരത്തിലൂടെയാണ് ബലൂൺ സഞ്ചാരിച്ചത് ( സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 60,​000 അടി ഉയരം ).​ അപകട സാദ്ധ്യതയില്ലായിരുന്നു

 ബലൂണിന് മൂന്ന് ബസിന്റെ വലിപ്പം

 യു.എസിൽ ആണവ മിസൈലുകൾ സൂക്ഷിച്ചിരിക്കുന്ന മൂന്ന് കേന്ദ്രങ്ങളിൽ ഒന്നായ മാംസ്ട്രോം എയർ ഫോഴ്സ് ബേസ് സ്ഥിതി ചെയ്യുന്ന മൊണ്ടാനയ്ക്ക് മുകളിലൂടെ പറന്നു

 വിവരങ്ങൾ ചോർത്തുകയാണ് ബലൂണിന്റെ ലക്ഷ്യമെന്ന് യു.എസ്. ജനവാസ മേഖലകളിൽ വീണാലുള്ള അപകടം കണക്കിലെടുത്ത് തത്കാലം വെടിവച്ചിടേണ്ട എന്ന് തീരുമാനം

 ചൈനയുടെ നിരുത്തരവാദിത്വപരമായ നടപടിയെ അപലപിച്ച് ഞായറാഴ്ച നിശ്ചയിച്ചിരുന്ന ചൈനീസ് സന്ദർശനം യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മാറ്റിവച്ചു

 വിഷയത്തിൽ ആദ്യം മൗനം പാലിച്ചെങ്കിലും ബലൂൺ കാലാവസ്ഥാ നിരീക്ഷണത്തിനുള്ളതാണെന്നും നിശ്ചിത പാതയിൽ നിന്ന് വ്യതിചലിച്ച് യു.എസിലെത്തിയതെന്നും ചൈന പ്രതികരിച്ചു. ബലൂൺ യു.എസ് വ്യോമാതിർത്തിയിൽ പ്രവേശിച്ചതിൽ ഖേദവും പ്രകടിപ്പിച്ചു

 ലാറ്റിനമേരിക്കയ്ക്ക് മുകളിൽ മറ്റൊരു ചൈനീസ് ബലൂൺ കണ്ടെത്തിയെന്ന് ശനിയാഴ്ച പെന്റഗണിന്റെ വെളിപ്പെടുത്തൽ

 ഫെബ്രുവരി 3ന് തങ്ങളുടെ വ്യോമപരിധിയിൽ ഒരു ബലൂണിനെ കണ്ടെന്ന് കൊളംബിയൻ എയർ ഫോഴ്സ് ഇന്നലെ അറിയിച്ചു

 ബലൂൺ ശനിയാഴ്ച യു.എസിന്റെ തെക്ക് കിഴക്കൻ മേഖലയിലൂടെ സഞ്ചരിച്ച് സൗത്ത് കാരലൈന തീരത്തെത്തി

 ശനിയാഴ്ച അറ്റ്‌ലാൻഡിക് സമുദ്രത്തിന് മുകളിലെത്തിയതിന് പിന്നാലെ തകർത്തു

 കടലിൽ 47 അടി താഴ്ചയിൽ വീണ ബലൂൺ അവശിഷ്ടങ്ങൾ യു.എസ് നേവിയും കോസ്റ്റ് ഗാർഡും ചേർന്ന് കണ്ടെത്തി വിർജീനിയയിലെ എഫ്.ബി.ഐ ലാബിൽ പരിശോധിക്കും

 ഒറ്റ മിസൈൽ, ബലൂൺ ഠോ......

 തകർത്തത് - എഫ് - 22 യുദ്ധവിമാനം

 മിസൈൽ - എയിം - 9എക്സ് സൈഡ് വിൻഡർ മിസൈൽ

 പതിച്ചത് - സൗത്ത് കാരലൈനയിലെ മർറ്റിൽ ബീച്ച് തീരത്ത് നിന്ന് 6 നോട്ടിക്കൽ മൈൽ അകലെ അറ്റ്‌ലാൻഡിക് സമുദ്രത്തിൽ

 സമയം - ഇന്നലെ പുലർച്ചെ 1.09ന് ( ഇന്ത്യൻ സമയം)

Advertisement
Advertisement