പാകിസ്ഥാനിൽ വീണ്ടും സ്ഫോടനം
Monday 06 February 2023 4:55 AM IST
ഇസ്ലാമാബാദ്: പെഷവാറിൽ മുസ്ലിം പള്ളിയിൽ ചാവേർ ബോംബാക്രമണം ഉണ്ടായതിന് പിന്നാലെ പാകിസ്ഥാനിൽ വീണ്ടും സ്ഫോടനം. ഇന്നലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വെറ്റ നഗരത്തിലുണ്ടായ വൻ സ്‌ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ കൂടുതലും പൊലീസുകാരാണ്.
ഇന്നലെ ഉച്ചയോടെ നഗരത്തിലെ പൊലീസ് ആസ്ഥാനത്തിനും ക്വെറ്റ കന്റോൺമെന്റിന്റെ പ്രധാന ഗേറ്റിനും സമീപമുള്ള പൊലീസ് സുരക്ഷാ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാനി താലിബാൻ (തെഹ്‌രീക് - ഇ - താലിബാൻ പാകിസ്ഥാൻ - ടി.ടി.പി) ഏറ്റെടുത്തു. മേഖലയിലെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സ്ഫോടനത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ടി.ടി.പി അറിയിച്ചു.