ആസാമിൽ ശൈശവ വിവാഹം പെരുകുന്നു, മൂന്നുദിവസത്തിനിടെ അറസ്റ്റിലായത് 2,278 പേർ; ഭർത്താക്കന്മാരെ വിട്ടുകിട്ടാൻ തെരുവിലിറങ്ങി പെൺകുട്ടികൾ

Monday 06 February 2023 11:14 AM IST

ദിസ്‌പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കല്യാണം കഴിക്കുകയും ശൈശവ വിവാഹത്തിന് ഒത്താശ ചെയ്യുകയും ചെയ്ത കുറ്റത്തിന് മൂന്ന് ദിവസത്തിനിടെ ആസാമിൽ അറസ്റ്റിലായത് 2,278 പേർ. ഇതുവരെ 4,074 കേസുകളാണ് ശൈശവവിവാഹവുമായി ബന്ധപ്പെട്ട് ആസാമിൽ രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്യുന്നവരെ പിടികൂടാൻ മന്ത്രിസഭയിൽ തീരുമാനമായതിനെത്തുടർന്നാണ് അറസ്റ്റ്.

പതിനാല് വയസിന് താഴെ പ്രായമുള്ള പെൺകുട്ടികളെ വിവാഹം ചെയ്യുന്നവരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരിക്കും അറസ്റ്റ് ചെയ്യുകയെന്ന് മുഖ്യമന്ത്രി ഹിമന്ത ശ‌ർമ ബിശ്വ പറഞ്ഞു. ശൈശവ വിവാഹം കഴിക്കുന്ന വരൻ പതിനാല് വയസിന് താഴെയുള്ളയാളാണെങ്കിൽ ദുർഗുണ പരിഹാര പാഠശാലയിലേയ്ക്ക് അയയ്ക്കും. ശൈശവ വിവാഹങ്ങൾക്കെതിരെയുള്ള നടപടികൾ 2026 വരെ തുടരും.

സംസ്ഥാനത്ത് ശൈശവവിവാഹവും പ്രായപൂർത്തിയാകുന്നതിന് മുൻപുള്ള ഗർഭധാരണവും തടയുന്നതിന്റെ ഭാഗമായാണ് നടപടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിക്കുകയോ ശൈശവ വിവാഹങ്ങൾ നടത്തുകയോ ചെയ്ത എണ്ണായിരത്തിലധികം പേരെ തിരിച്ചറിഞ്ഞു. അറസ്റ്റിലായ 2,200 ഓളം പേർക്ക് പുറമെ 3,500 പേർക്കെതിരെ കൂടി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം രാജ്യത്ത് മാതൃ- ശിശു മരണ നിരക്ക് ഏറ്റവും കൂടുതൽ ആസാമിലാണ്. ഇതിന് പ്രധാന കാരണമായി വിലയിരുത്തുന്നത് ശൈശവ വിവാഹമാണ്. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന 31 ശതമാനം വിവാഹങ്ങളും 18 വയസിന് താഴെയുള്ളവയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2019-2021 കാലയളവിലെ സ‌ർവേ പ്രകാരം ആസാമിൽ 15നും 19നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിൽ 11.7 ശതമാനം പേർ വിവാഹിതരോ ഗ‌ർഭിണികളോ ആണ്.

അതേസമയം, സർക്കാരിന്റെ നടപടി വൻ പ്രതിഷേധങ്ങൾക്കും ഇടയാക്കുകയാണ്. തങ്ങളുടെ ഭർത്താക്കന്മാരെയും മക്കളെയും അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തിയതോടെ കഴിഞ്ഞദിവസം ആസാമിലെ തെരുവുകളിലിറങ്ങിയത് നിരവധി സ്ത്രീകളാണ്. പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ സ്ത്രീകൾ തങ്ങളുടെ കുടുംബാംഗങ്ങളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സംഘർഷം തീർക്കുകയും ചെയ്തു.

ശൈശവ വിവാഹവുമായി ബന്ധപ്പെട്ട അറസ്റ്റിൽ മുഖ്യമന്ത്രിയെ വിമർശിച്ച് എ ഐ എം ഐ എം നേതാവ് അസദുദ്ദീൻ ഒവൈസിയും രംഗത്തെത്തി. ഭർത്താക്കന്മാരെ പിടികൂടി ജയിലിൽ പാർപ്പിക്കുമ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് എന്താണ് ലഭിക്കുകയെന്ന് ഒവൈസി ചോദിച്ചു. മുഖ്യമന്ത്രി പക്ഷപാതപരമായി പെരുമാറി. ബി ജെ പി സർക്കാരിന്റെ ഭരണ പരാജയമാണ് നടപടി എന്നും അദ്ദേഹം വിമർശിച്ചു.