ഗ്രാമി പുരസ്‌കാരം; ചരിത്ര നേട്ടവുമായി ബിയോൺസേ, നേട്ടം ഇന്ത്യയ്ക്ക് സമർപ്പിച്ച് റിക്കി കേജ്‌

Monday 06 February 2023 11:17 AM IST

ലോസ് ഏഞ്ചൽസ്: 65ാമത് ഗ്രാമി അവാർഡുകൾ പ്രഖ്യാപിക്കുന്നു. ലോക സംഗീത വേദിയിലെ ഏറ്റവും ഉയർന്ന പുരസ്‌കാരമായ 'ഗ്രാമി' ലോസ് ഏഞ്ചൽസിൽ വച്ചാണ് അവാർഡ് പ്രഖ്യാപിക്കുന്നത്. അമേരിക്കൻ -ഇന്ത്യൻ ഗായകൻ റിക്കി കേജ് പുരസ്‌കാരം നേടി.

ഇത് മൂന്നാം തവണയാണ് റിക്കി കേജിന് ഗ്രാമി അവാർഡ് ലഭിക്കുന്നത്. 'ഡിവൈൻ ടൈഡ്‌സ്' എന്ന ആൽബത്തിനാണ് പുരസ്‌കാരം സ്വന്തമാക്കിയത്. നേട്ടം ഇന്ത്യയ്ക്ക് സമർപ്പിക്കുന്നെന്ന് അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ വർഷം ബെസ്റ്റ് ന്യൂ ഏജ് ആല്‍ബത്തിനും 2015ല്‍ വൈന്‍ഡ്സ് ഓഫ് സംസാര എന്ന ആൽബത്തിനുമാണ് റിക്കിയ്ക്ക് അവാർഡ് ലഭിച്ചത്.

പുരസ്കാര വേദിയിൽ ചരിത്ര നേട്ടമാണ് അമേരിക്കൻ ഗായിക ബിയോൺസേ സ്വന്തമാക്കിയത്. മികച്ച ഡാന്‍സ് ഇലക്ട്രോണിക് മ്യൂസിക് റെക്കോര്‍ഡിംഗ്, മികച്ച ട്രെഡീഷനല്‍ ആര്‍&ബി പെര്‍ഫോമന്‍സ് എന്നീ വിഭാഗങ്ങളിലാണ് നേട്ടം.

ഇതോടെ ഗ്രാമി ചരിത്രത്തിൽ ഏറ്റവുമധികം പുരസ്‌കാരം നേടിയ വ്യക്തി എന്ന ബഹുമതി കൂടിയാണ് ഈ അമേരിക്കൻ ഗായികയെ തേടിയെത്തിയിരിക്കുന്നത്. ഇതുവരെ 32 പുരസ്‌കാരങ്ങളാണ് ബിയോണ്‍സേ നേടിയത്. ഗായിക എന്നതിലുപരി എഴുത്തുകാരി, നടി, നര്‍ത്തകി എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ് അവർ.


മികച്ച മ്യൂസിക് വീഡിയോ വിഭാഗത്തിൽ ടെയ്ലര്‍ സ്വിഫ്റ്റിന്റെ 'ഓള്‍ ടൂ വെലും', മികച്ച പോപ് വോക്കല്‍ ആൽബം വിഭാഗത്തിൽ ഹാരി സ്‌റ്റൈല്‍നും പുരസ്കാരം നേടി.

Advertisement
Advertisement