തുർക്കിയിലും സിറിയയിലും അതിശക്തമായ ഭൂചലനം; 500പേർ മരിച്ചു, 420പേർക്ക് ഗുരുതര പരിക്ക്, കുരുങ്ങിക്കിടക്കുന്നത് നിരവധിപേർ

Monday 06 February 2023 11:35 AM IST

ഇസ്താംബുൾ: തുർക്കിയിലും അയൽരാജ്യമായ സിറിയയിലുമുണ്ടായ ശക്തമായ ഭൂചലനത്തിൽ 500പേർ മരിച്ചതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കൻ തുർക്കിയിൽ അനുഭവപ്പെട്ടത്. 15 മിനിട്ടിന് ശേഷം റിക്ടർ സ്കെയിലിൽ 6.7 രേഖപ്പെടുത്തിയ തുടർചലനവും അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങൾ നിലംപതിച്ചു. നിരവധിപേർ ഇതിനുള്ളിൽ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു.

തുർക്കിയിലെ മലത്യ നഗറിൽ 23പേർ കൊല്ലപ്പെട്ടതായി ഗവർണർ അറിയിച്ചു. 420പേർക്ക് പരിക്കേറ്റതായും 140 കെട്ടിടങ്ങൾ തകർന്നതായും ഗവർണറെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ഉർഫയിൽ 17പേരും ഉസ്മാനിയയിൽ ഏഴുപേരും ദിയർബാകിറിൽ ആറുപേരുമാണ് മരിച്ചത്. മരണസംഖ്യ ഇനിയും വർദ്ധിക്കുമെന്നാണ് വിവരം.

സിറിയയിൽ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിൽ 42 പേർ മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സിറിയൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 200പേർക്ക് പരിക്കേറ്റു. അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്.

പ്രാദേശിക സമയം പുലർച്ചെ 4.17നാണ് ഭൂചലനമുണ്ടായത്. ഞെട്ടിയുണർന്ന ആളുകൾ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തകർന്നുവീണ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രകമ്പനമുണ്ടായി. തുര്‍ക്കിയിലെ പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി അറിയിച്ചു. ദുരന്ത മേഖലയിലേക്ക് രക്ഷാസംഘങ്ങളെ അയച്ചുവെന്നും രാജ്യമാകെ ഒന്നിച്ചുനിന്ന് ദുരന്തത്തെ നേരിടുമെന്നും തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ ട്വിറ്ററില്‍ അറിയിച്ചു. ആദ്യ ചലനത്തിന് പിന്നാലെ ആറ് തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടുവെന്നും ആളുകള്‍ തകര്‍ന്ന വീടുകള്‍ക്കുള്ളിലേക്ക് കയറരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisement
Advertisement