ഹിന്ദുത്വം കൊലപാതകത്തിനും അക്രമത്തിനും ഭിന്നിപ്പിനുമുള്ളത്: വിവാദ പ്രസ്താവനയുമായി മുതിർന്ന കോൺഗ്രസ് നേതാവ്

Monday 06 February 2023 12:26 PM IST

ബംഗളൂരു: താൻ ഹിന്ദു വിരുദ്ധനല്ല, ഹിന്ദുത്വ വിരുദ്ധനാണെന്ന് ആവർത്തിച്ച് കർണാടക കോൺഗ്രസിലെ മുതിർന്ന നേതാവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ വിവാദത്തിന് വീണ്ടും തിരികൊളുത്തി. ഹിന്ദുത്വം കൊലപാതകത്തിനും അക്രമത്തിനും ഭിന്നിപ്പിനുമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കൽബുർഗിയിൽ മുൻ കോൺഗ്രസ് എം എൽ എ ബി ആർ പാട്ടീലിന്റെ ജീവചരിത്ര പ്രകാശന ചടങ്ങിൽ സംസാരിക്കവെയായിരുന്നു വിവാദ പ്രസ്താവന. താൻ ഹിന്ദു വിരുദ്ധനാണെന്ന ബി ജെ പിയുടെ ആരോപണത്തെയും അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.

'ഹിന്ദു മതത്തിൽ നിന്ന് വ്യത്യസ്തമാണ് ഹിന്ദുത്വം. ഞാൻ സ്വയം ഒരു ഹിന്ദുവാണ്, എന്നാൽ ഞാൻ മനുവാദത്തിനും ഹിന്ദുത്വത്തിനും എതിരാണ്.പക്ഷേ ഞാൻ ഒരിക്കലും ഹിന്ദു മതത്തിന് എതിരല്ല'- എന്നായിരുന്നു സിദ്ധരാമയ്യ പറഞ്ഞത്.

ഇതാദ്യമായല്ല സിദ്ധരാമയ്യ ഹിന്ദുത്വത്തിനെതിരെ രംഗത്തെത്തുന്നത്. താൻ ഹിന്ദുവാണെന്നും എന്നാൽ ഹിന്ദുത്വത്തെ എതിർക്കുന്നതായും അദ്ദേഹം അടുത്തിടെ അവകാശപ്പെട്ടിരുന്നു. അയോദ്ധ്യയിലെ രാമക്ഷേത്രത്തെ താൻ ഒരിക്കലും എതിർത്തിട്ടില്ലെന്നും എന്നാൽ അത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിന് എതിരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സിദ്ധരാമയ്യയുടെ വിവാദ പ്രസ്താവനയെ വരുന്ന തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് ഭരണകക്ഷിയായ ബി ജെ പി. ഭരണ വിരുദ്ധ വികാരം മുന്നിട്ടുനിൽക്കുന്ന കർണാടകയിൽ ബി ജെ പിക്ക് വിചാരിച്ചപോലെ കാര്യങ്ങൾ എളുപ്പമാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഈ വർഷം മേയിൽ നിയമസഭയുടെ കാലാവധി അവസാനിക്കും. വിജയ പ്രതീക്ഷ വച്ചുപുലർത്തുന്ന കോൺഗ്രസ് ഇതിനകം സ്ഥാനാർത്ഥി ചർച്ചകൾക്ക് തുടക്കമിട്ടുകഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. മണ്ഡലത്തിലെ സ്വീകാര്യതയും പാർട്ടി നടത്തുന്ന ആഭ്യന്തര സർവ്വേ ഫലങ്ങളും പരിഗണിച്ചശേഷമായിരിക്കും സ്ഥാനാർത്ഥികളെ തീരുമാനിക്കുക. നിലവിലുള്ള എം എൽ എമാരെ നിലനിറുത്തിയേക്കുമെന്നും സൂചനയുണ്ട്.