പ്രതീക്ഷയുടെ ചിറകിലേറി ശബരി വിമാനത്താവളം

Tuesday 07 February 2023 12:06 AM IST

കോട്ടയം . നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന് സംസ്ഥാന ബഡ്ജറ്റിൽ രണ്ട് കോടി രൂപ വകയിരുത്തിയതോടെ പദ്ധതി പ്രതീക്ഷകൾക്ക് വീണ്ടും ചിറക് മുളച്ചു. കഴിഞ്ഞ ബഡ്ജറ്റിലും രണ്ട് കോടി അനുവദിച്ചിരുന്നു. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്ന പ്രവർത്തനത്തിനാണ് പുതിയ ബഡ്ജറ്റിൽ രണ്ടുകോടി അനുവദിച്ചത്. പാരിസ്ഥിതികാഘാത പഠനം ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചിരുന്നു. 2570 ഏക്കറിലാണ് വിമാനത്താവളം. ജിയോ ടെക്നിക്കൽ നടത്തിയ പഠനത്തിൽ സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തി. കേന്ദ്ര വ്യോമയാന മന്ത്രാലയം, ഡി.ജി.സി.എ, എയർപോർ‌ട്ട് അതോറിട്ടി ഒഫ് ഇന്ത്യ എന്നിവ ആവശ്യപ്പെട്ട വിവരങ്ങൾ കെ എസ് ഐ ഡി സി നൽകിയതോടെ സൈറ്റ് ക്ളിയറൻസ് ഉടൻ ലഭ്യമായേക്കും.

ചെറുവള്ളി എസ്റ്റേറ്റിന് സമീപം കാരിത്തോട്, ഒഴക്കനാട്, ഓരുങ്കൽകടവ് , ചേനപ്പാടി, പാതിപ്പാറ പ്രദേശങ്ങളിലെ 307 ഏക്കർ സ്വകാര്യ ഭൂമി കൂടി ഏറ്റെടുത്തു. മണ്ണിന്റെ ഉറപ്പ് പരിശോധിച്ചു. റബർ തോട്ടമായതിനാൽ കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അനുമതിയ്ക്ക് തടസമുണ്ടാകില്ല.

റൺവേയുടെ നീളം ആദ്യം 2.7 കിലോമീറ്റായിരുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തിന് കുറഞ്ഞ നീളം 3.2 കിലോമീറ്ററാണ്. വീണ്ടും സർവേ നടത്തി റൺവേയുടെ ദിശയിൽ മാറ്റം വരുത്തി. മൂന്ന് റൺവേകളാണ് ഉണ്ടാവുക.

അനുകൂല ഘടകങ്ങൾ.

ഉയർന്ന പ്രദേശമായതിനാൽ വെള്ളപ്പൊക്ക ഭീഷണിയില്ല.

റബർത്തോട്ടമായതിനാൽ പരിസ്ഥിതി പ്രശ്നവുമില്ല.

ശബരിമലയിലേക്ക് 48 കിലോമീറ്റർ ദൂരം മാത്രം.

സമീപം 2 ദേശീയ പാതകളും 5 സംസ്ഥാന പാതകളും.

തീരുമാനിച്ചത് 2017ൽ, പിന്നീട് നിയമക്കുരുക്ക്.

ചെറുവള്ളി എസ്റ്റേറ്റിൽ ശബരിമല വിമാനത്താവളം സ്ഥാപിക്കുന്നതിന് 2017 ലാണ് സർക്കാർ തീരുമാനിച്ചത്. 2018 ൽ അമേരിക്കൻ വിമാനക്കമ്പനിയായ ലൂയിസ് ബർജർ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. ഇതിനിടെ ഉടമസ്ഥാവകാശ തർക്കം കോടതിയിലെത്തി. ഏറ്റെടുക്കൽ നടപടിയ്ക്ക് ഹൈക്കോടതി പച്ചക്കൊടി വീശിയതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻ വച്ചത്.