ഇങ്ങ് കോട്ടയത്തും ഉണ്ടടാവേ രസവട

Tuesday 07 February 2023 12:41 AM IST

കോട്ടയം . പരിപ്പുവട ,​ ചായ കോമ്പിനേഷൻ കോട്ടയംകാരുടെ പ്രത്യേകതയാണ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി രസമൊഴിച്ച വടയാക്കി കഴിച്ചാലോ, കൂടെ, ഇഡ്ഡലി, ദോശ, ചട്‌നി എന്നിവ കൂടിയായാൽ പിന്നെ കിടിലൻ. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രധാന ഭക്ഷണമാണ് രസവട. എന്നാൽ ഇങ്ങ് കോട്ടയത്തും ഇപ്പോൾ രസവട ഹിറ്റാകുകയാണ്. താഴത്തങ്ങാടി തൃക്കോവിൽ വീട്ടിൽ ബാബുവും ഭാര്യ ഗീതയുമാണ് ഇതിന് പിന്നിൽ. സോഷ്യൽ മീഡിയ, ഇൻസ്റ്റാഗ്രാം എന്നിവിടങ്ങളിൽ ശ്രദ്ധേയമായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി രസവടയുടെ രുചിയറിയാൻ നിരവധിപ്പേരാണ് എത്തുന്നത്. അഞ്ച് വർഷമായി ഇവർ പരമ്പരാഗതരീതിയിൽ വ്യത്യസ്തങ്ങളായ നാടൻ സ്‌നാക്ക്‌സ് നിർമ്മിക്കുന്നുണ്ട്. ബേസൻ ലഡു, പപ്പട ബജി, മസാലക്കടല, വൈരം പുളിഅച്ചാർ തുടങ്ങിയവയും ഇവിടുത്തെ പ്രത്യേകതയാണ്. ബ്രാഹ്മിൺസിന്റെ പരമ്പരാഗത പലഹാരമാണ് ബേസൻ ലഡു. പൂണൂൽ കല്യാണം, മറ്റ് വിശേഷങ്ങളിലെല്ലാം ബേസൻ ലഡു മുൻനിരതാരമാണ്. ഉഴുന്നുവട, ഏത്തയ്ക്ക ബോളി, അലുബോണ്ട, സ്വീറ്റ് ബോണ്ട തുടങ്ങിയ നാടൻനാലുമണി പലഹാരങ്ങളും ഇവിടെയുണ്ട്. 15 രൂപയാണ് രസവടയുടെ വില. മറ്റുള്ളവയ്ക്ക് 10 ഉം.

തയ്യാറാക്കുന്നവിധം.

തക്കാളി ചെറുതായി അരിഞ്ഞ് പുളി പിഴിഞ്ഞതും മഞ്ഞൾപ്പൊടിയും വെള്ളവും ഒഴിച്ച് തിളപ്പിച്ചെടുക്കുന്നതിലേക്ക് കായം, ഉലുവ, കുരുമുളക്, മുളക് പൊടി, ശർക്കര, ഉപ്പ് ചേർക്കണം. ഇതിലേക്ക് മല്ലിയില, കറിവേപ്പിലയും ചേർത്തശേഷം എണ്ണ ചൂടാക്കി കടുകും ചുവന്ന മുളകും പൊട്ടിച്ചെടുത്താൽ രസം റെഡി. തുടർന്ന് പരിപ്പുവട ഒരു പാത്രത്തിലെടുത്തശേഷം രസം ഒഴിച്ച് അരമണിക്കൂർ നേരം വയ്ക്കും.

Advertisement
Advertisement