കാസനോവ എന്റെ പിന്നാലെ, ഒത്താശ ചെയ്യുന്നത് ഭാര്യയായ നടിയെന്ന് കങ്കണ
ബോളിവുഡ് താരങ്ങളെ പ്രതിക്കൂട്ടിലാക്കി കങ്കണ റണൗട്ട് രംഗത്ത് . ഒരു കാസനോവ തന്റെ പിന്നാലെയുണ്ടെന്നും അയാളെ പ്രോത്സാഹിപ്പിക്കുന്നത് നടിയായ ഭാര്യയാണെന്നും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച കുറിപ്പിൽ കങ്കണ വ്യക്തമാക്കുന്നു. ഞാൻ എവിടെ പോയാലും തന്നെ ഒരാൾ പിന്തുടരുകയും ചാരപ്രവൃത്തി നടത്തുകയും ചെയ്യുന്നു.റോഡിൽ മാത്രമല്ല താമസിക്കുന്ന സ്ഥലത്തിന്റെ പാർക്കിംഗ് ഏരിയയിലും വീടിന്റെ ടെറസിലും വരെ കാമറ പിടിപ്പിച്ച് തന്റെ നീക്കങ്ങൾ പകർത്തുന്നു. തന്റെ ഷെഡ്യൂൾ എങ്ങനെയാണ് ഇൗ ചാരൻമാർക്ക് ലഭിക്കുന്നതെന്നും രഹസ്യമായി പകർത്തുന്ന ഇൗ ചിത്രങ്ങൾ കൊണ്ട് അവരെന്താണ് ചെയ്യുന്നതെന്നും കങ്കണ ചോദിക്കുന്നു. എന്റെ വാട്സാപ്പ് വിവരങ്ങളും പ്രൊഫഷണൽ ഡീലുകളും വ്യക്തിജീവിതത്തിലെ ചില വിവരങ്ങൾപോലും ചോർന്നതായി ഉറപ്പുണ്ട്.ഒരിക്കൽ ക്ഷണിക്കപ്പെടാതെ എന്റെ വീട്ടുവാതിക്കൽ വന്നു ശാരീരികബന്ധത്തിന് നിർബന്ധിച്ചു. സ്വജനപക്ഷപാത മാഫിയയുടെ കോമാളി വേഷം കെട്ടിയ ആളാണ് ഇത്. സിനിമാ മേഖലയിൽ നിന്നുള്ള അറിയപ്പെടുന്ന സ്ത്രീലമ്പടനും കാസനോവയുമാണ്. സ്വജനപക്ഷപാതത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. നിർമ്മാതാകാനും കൂടുതൽ സ്ത്രീ കേന്ദ്രീകൃത സിനിമകൾ ചെയ്യാനും എന്നെ പോലെ വസ്ത്രം ധരിക്കാനും എന്റെ വീടിന്റെ ഇന്റീരിയർ ചെയ്യാൻ വരെ അയാൾ ഇപ്പോൾ ഭാര്യയെ നിർബന്ധിക്കുകയാണ്. എന്റെ സ്വന്തം സറ്റൈലിസ്റ്റിന്റെയും വീട്ടിലുള്ളവരെ പോലും വിലക്കെടുത്തിരിക്കുകയാണ്. നടനായ ഭർത്താവിന്റെ ഇത്തരം പ്രവൃത്തികൾ ഭാര്യ അംഗീകരിച്ചുകൊണ്ട് എന്റെ സഹോദരന്റെ വിവാഹ സൽക്കാരത്തിന് ഞാൻ ഉടുത്തിരുന്ന അതേ സാരിയാണ് അവൾ സ്വന്തം വിവാഹത്തിനുപോലും ധരിച്ചിരുന്നത്. എനിക്ക് ഫണ്ട് നൽകുന്നവരും ബിസിനസ് പങ്കാളികളും ഒരു കാരണവുമില്ലാതെ അവസാന നിമിഷം ഡീലുകൾ ഉപേക്ഷിക്കുന്നു.ആ നടനും ഭാര്യയും ഒരേ കെട്ടിടത്തിൽ രണ്ട് ഫ്ളാറ്റുകളിലായാണ് താമസം. ഇതുപോലെയൊന്നും വേണ്ടെന്ന് അവൾ പറയണം. അവനെ നിരീക്ഷിക്കുകയും വേണം. അയാൾ കുഴപ്പത്തിലായാൽ അവളും കുഞ്ഞും കുഴപ്പത്തിലാവും. അവൾ അവളുടെ ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ഭർത്താവ് നിയമവിരുദ്ധമായി ഒന്നിലും ഏർപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും വേണമെന്ന് പറഞ്ഞാണ് കങ്കണ പോസ്റ്റ് അവസാനിപ്പിക്കുന്നത്. രൺബീർ കപൂർ - ആലിയ ഭട്ട് ദമ്പതികളെയാണ് കങ്കണ ലക്ഷ്യം വയ്ക്കുന്നതെന്നാണ് ആരോപണം. സഹോദരന്റെ വിവാഹ സത്കാരത്തിന് കങ്കണ ധരിച്ചത് പോലെ വെള്ളയും ഗോൾഡൻനിറവുമുള്ള സാരിയാണ് ആലിയ വിവാഹത്തിന് ധരിച്ചിരുന്നതെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. മാത്രമല്ല, അടുത്തിടെ ആലിയഭട്ട് പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.