ബാന്ദ്രയിൽ മംമ്ത

Tuesday 07 February 2023 12:38 AM IST

ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന ചിത്രത്തിൽ മംമ്ത മോഹൻദാസ്. ബാന്ദ്രയിൽ ഗാനരംഗത്താണ് മംമ്ത മോഹൻദാസ് പ്രത്യക്ഷപ്പെടുന്നത്. മൈ ബോസ്, ടു കൺട്രീസ്, അരികെ, കോടതി സമക്ഷം ബാലൻ വക്കീൽ എന്നീ ചിത്രങ്ങളിൽ ദിലീപും മംമ്തയും നായകനും നായികയുമായി അഭിനയിച്ചിട്ടുണ്ട്. രാമലീലയ്ക്കുശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ബാന്ദ്ര മുംബെയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയ ആണ് നായിക. ശരത് കുമാർ, ഇൗശ്വരി റാവു, വിടിവി ഗണേഷ്, ഡിനോ മോറിയ, ആര്യൻ സന്തോഷ്, സിദ്ദിഖ്, ലെന, കലാഭവൻ ഷാജോൺ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമ്മാണം. ഷാജികുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീത സംവിധാനം സാം സി.എസ്. എഡിറ്റിംഗ് വിവേക് ഹർഷൻ.