അരങ്ങിനെ അറിയാൻ വനിതകൾ: നാടക ശിൽപ്പശാലയ്ക്ക് ഇന്ന് തുടക്കം

Tuesday 07 February 2023 12:07 AM IST

തൃശൂർ: സംഗീത നാടക അക്കാഡമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ സ്ത്രീ നാടക ശിൽപ്പശാലയ്ക്ക് കിലയിൽ ഇന്ന് തുടക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 53 സ്ത്രീകളാണ് ശിൽപ്പശാലയുടെ ഭാഗമാകുന്നത്. 53 വനിതകളിൽ 30 പേർ കുടുംബശ്രീയുടെ രംഗശ്രീ ടീം അംഗങ്ങളാണ്. കുടുംബശ്രീ രൂപം നൽകിയ അയൽക്കൂട്ടം അംഗങ്ങളുടെ തിയേറ്റർ ഗ്രൂപ്പുകളാണ് രംഗശ്രീ. ഏഴ് വനിതകൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മറ്റുള്ളവർ കേരളത്തിലെ വിവിധ നാടക ട്രൂപ്പുകളിൽ നിന്ന് ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ടവരാണ്.

പാലക്കാട് അട്ടപ്പാടിയിൽ നിന്ന് രണ്ട് പട്ടികവർഗ പിന്നാക്ക യുവതികളും ശിൽപ്പശാലയിൽ പങ്കെടുക്കുന്നുണ്ട്. 20 വയസ് മുതൽ 50 വയസ് വരെ പ്രായമുള്ളവരാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്. ദേശീയ നാടകരംഗത്തെ പ്രഗത്ഭരായ എം.കെ. റെയ്‌ന, അനുരാധ കപൂർ, നീലം മാൻസിങ് എന്നിവരാണ് ശിൽപ്പശാല നയിക്കുക.

ആദ്യ സെഷൻ ഇന്ന് രാവിലെ എട്ടിന് എം.കെ. റെയ്‌നയുടെ നേതൃത്വത്തിൽ ആരംഭിക്കും. എല്ലാദിവസവും രാവിലെ 8 മുതൽ 11 വരെയാണ് ശിൽപ്പശാല.