വജ്രജൂബിലി നിറവിൽ പാലോട് മേള

Tuesday 07 February 2023 4:14 AM IST

60 കാർഷിക ദീപങ്ങൾ തെളിച്ച് ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: തെക്കൻ കേരളത്തിലെ പ്രധാന കാർഷികോത്സവമായ പാലോട് കന്നുകാലിച്ചന്തയും കലാസാംസ്‌കാരിക മേളയും ഇന്നാരംഭിക്കും. 60 വർഷം മുമ്പ് കർഷകർ കന്നുകാലികളെ വാങ്ങാനും വിൽക്കാനും തുടങ്ങിയ കാളച്ചന്തയാണ് കാർഷിക മേളയായി പരിണമിച്ചത്. രാവിലെ 10ന് മേള കമ്മിറ്റി രക്ഷാധികാരി വി.കെ. മധു ഭദ്രദീപം തെളിക്കും. വൈകിട്ട് 5ന് മന്ത്രി വി. ശിവൻകുട്ടി പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്യും. തുടർന്ന് 60 കാർഷിക ദീപങ്ങൾ തെളിക്കും. അഡ്വ.ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി പി.എസ്. മധു സ്വാഗതം പറയും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, പലോട് രവി, വി.പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. രാത്രി 8 ന് സംഗീതനിശ അരങ്ങേറും. 16ന് അവസാനിക്കുന്ന മേളയിൽ സർക്കാർ-സ്വകാര്യ മേഖലയിലെ 184 സ്റ്റാളുകൾ സജ്ജമാക്കിയിട്ടുണ്ട്.