11കാരിയെ പീഡിപ്പിച്ച പ്രതിക്ക് അഞ്ച് വർഷം കഠിന തടവ്

Tuesday 07 February 2023 12:26 AM IST

കട്ടപ്പന: പതിനൊന്നുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 5 വർഷം കഠിന തടവും 5000 രൂപ പിഴയും. കുഞ്ചിത്തണ്ണി സ്വദേശിയായ 39കാരനെയാണ് ഇടുക്കി അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി.ജി. വർഗീസ് ശിക്ഷിച്ചത്. പിഴ അടയ്ക്കാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണം. 2020ലാണ് കേസിനാസ്പദമായ സംഭവം. അയൽവക്കത്തെ വീട്ടിൽ വെള്ളം എടുക്കുന്നതിനായി എത്തിയ പെൺകുട്ടിയെ അവിടെ ആരും ഇല്ലെന്ന് മനസിലാക്കിയ പ്രതി ലൈംഗികാതിക്രമത്തിന് വിധേയമാക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ പുനരധിവാസത്തിനായി 25,000 രൂപ നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയോട് കോടതി നിർദ്ദേശിച്ചു. വെള്ളത്തൂവൽ പൊലീസ് അന്വേഷിച്ച് കുറ്റപത്രം നൽകിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് ഹാജരായി.