പരിയാരത്തിന് വേണം സൂപ്പർ ചികിത്സ- പരമ്പര 2 ചികിത്സ വേണം മെഷീനുകൾക്കും

Monday 06 February 2023 9:08 PM IST
കണ്ണൂർ മെഡിക്കൽ കോളേജിലെ തകരാറിലായ എയർ കമ്പ്രസർ

തളിപ്പറമ്പ് : ചികിത്സയ്ക്കും പരിശോധനയ്ക്കും ആവശ്യമായ യന്ത്രങ്ങൾ കാലപ്പഴക്കത്താൽ തകരാറിലായത് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലെത്തുന്ന രോഗികളെ വിഷമത്തിലാക്കുന്നു. കാൻസർ ചികിത്സയ്ക്ക് അത്യാവശ്യമുള്ള കോബാൾട്ട് തെറാപ്പി യന്ത്രം പണിമുടക്കിയിട്ടു വർഷം രണ്ട് കഴിഞ്ഞു. പുതിയതു വാങ്ങാനുള്ള നിർദേശം ഫയലിൽ കിടക്കുകയാണ്. കാലപ്പഴക്കമുള്ള സി.ടി, ഡയാലിസിസ്, എ.സി പ്ലാന്റ് തുടങ്ങിയവ മാറ്റി സ്ഥാപിക്കുമെന്ന പ്രഖ്യാപനവും നടപ്പായിട്ടില്ല. എ.സി കുറയുന്നത് കാത്ത്‌ലാബിന്റെയും ഓപ്പറേഷൻ തിയറ്ററുകളെയും ഇടക്കിടെ ബാധിക്കുന്നുണ്ട്.

പഴക്കം ചെന്ന ചികിത്സാ ഉപകരണങ്ങൾ ചില സമയത്ത് ഷോർട്ട് സർക്യൂട്ട് സംഭവിച്ച് പുക ഉയരുന്നു. കഴിഞ്ഞ ദിവസം അത്യാഹിത വിഭാഗത്തിൽ എ.സിയുടെ ഭാഗത്തു നിന്നു പുകയുണ്ടായി. ഇത് ജീവനക്കാരെയും രോഗികളെയും ഏറെ നേരം ആശങ്കയിലാക്കിയിരുന്നു. അഗ്‌നിരക്ഷാ വിഭാഗം എത്തിയാണ് തീ അണച്ചത്. രണ്ടു മാസം മുൻപ് കാർഡിയോളജി അത്യാഹിത വിഭാഗത്തിലും ഷോർട്‌ സർക്യൂട്ടിനെ തുടർന്ന് ചെറിയ തോതിൽ തീപിടിച്ചിരുന്നു.

സർക്കാർ ആശുപത്രിയിൽ സ്വകാര്യ സ്‌കാനിംഗ് സെന്റർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയാണെങ്കിലും പരിയാരത്ത് എം.ആർ.ഐ സ്‌കാനിംഗ് വിഭാഗം ഇപ്പോഴും സ്വകാര്യ മേഖലയിലാണ്. സ്വകാര്യ ആശുപത്രികളിലെ സ്‌കാനിംഗ് നിരക്കാണ് ഇവിടെ ഈടാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയുടെയും ആരോഗ്യ ഇൻഷുറൻസ് ഏജൻസികളുടെയും ഗുണഭോക്താക്കളെയും നിരക്ക് നേരിട്ടു ബാധിക്കില്ലെന്നു മാത്രം. എന്നാൽ ആശുപത്രി വികസന സൊസൈറ്റിക്ക് ലഭിക്കേണ്ട തുകയാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ സ്‌കാനിംഗ് യന്ത്രം സ്ഥാപിച്ചാൽ, സർക്കാർ നിരക്ക് ഈടാക്കുന്നതിലൂടെ തന്നെ ആശുപത്രിക്കു കോടിക്കണക്കിനു രൂപ ലഭിക്കും.

മരുന്നില്ലാ ഫാർമസികൾ

പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സർക്കാർ ഫാർമസിയിൽ സൗജന്യ മരുന്നുകൾ പലതും ലഭ്യമല്ല. വൻ വില കൊടുത്തു പുറത്തു നിന്നു വാങ്ങണം. ജീവിത ശൈലീ രോഗങ്ങളുടെ മരുന്നും മിക്കപ്പോഴും ലഭിക്കുന്നില്ല. ആശുപത്രിയിൽ മൂന്ന് ഫാർമസികളുണ്ട്. എന്നാൽ ചില മരുന്നുകൾ ഈ ഫാർമസിയിൽ ലഭിക്കുന്നില്ല. രാത്രിയിൽ മെഡിക്കൽ കോളജ് ജംഗ്‌ഷനിൽ ഫാർമസി ഷോപ്പ് തുറക്കാത്തതിനാൽ മരുന്നിനായി രോഗികൾ നെട്ടോട്ടം ഓടേണ്ട ഗതികേടിലാണ്.

( തുടരും)