ആദ്യ ഭർത്താവ് മരിച്ചെന്ന് വിശ്വസിപ്പിച്ച് യുവാവിന് വിവാഹ വാഗ്ദാനം നൽകി 41 ലക്ഷം തട്ടിയ യുവതി പിടിയിൽ; ശാലിനി സമാനമായ തട്ടിപ്പ് കേസിൽ മുൻപും പ്രതി
കോങ്ങാട്: വിവാഹ വാഗ്ദാനം നൽകി 41 ലക്ഷം രൂപ തട്ടിയ കേസിൽ നവവധു ചമഞ്ഞ ഭർതൃമതിയായ യുവതി പൊലീസിന്റെ പിടിയിലായി. കൊല്ലം കൊട്ടാരക്കര ഇളമാട് കണ്ണംകോട് ഷിബു വിലാസത്തിൽ ശാലിനിയാണ് (31) അറസ്റ്റിലായത്. ഭർത്താവ് കടമ്പഴിപ്പുറം സ്വദേശി സരിൻകുമാറിനെ (37) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ ആദ്യവാരമാണ് സംഭവം. കടമ്പഴിപ്പുറത്ത് വാടക വീടെടുത്ത് ഭർത്താവുമായി ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ആദ്യ ഭർത്താവ് വാഹനാപകടത്തിൽ മരിച്ചെന്ന് വിശ്വസിപ്പിച്ച് വിവാഹാലോചന പരസ്യം നൽകിയയാളുടെ സഹതാപം പിടിച്ചുപറ്റിയാണ് തട്ടിപ്പ്. ചികിത്സാ ചെലവിലേക്ക് വാങ്ങിയ കടം വീട്ടാനെന്ന പേരിൽ പണം ആവശ്യപ്പെട്ടു. പല തവണയായി നൽകി പണം മുഴുവൻ തീർന്നതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞ പരാതിക്കാരൻ പൊലീസിനെ സമീപിച്ചത്. ഭർത്താവ് പിടിയിലായതോടെ യുവതി ഒളിവിൽ പോയിരുന്നു. സംസ്ഥാനത്ത് സമാനമായ രീതിയിൽ നിരവധി തട്ടിപ്പുകേസിൽ പ്രതിയാണ് ശാലിനിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പാലക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡിവൈ.എസ്.പി വി.എ.കൃഷ്ണദാസ്, കോങ്ങാട് സി.ഐ വി.എസ്.മുരളീധരൻ, എസ്.ഐ കെ.മണികണ്ഠൻ, സി.പി.ഒ.മാരായ സജീഷ്, സുദേവൻ, അനിത, ലതിക എന്നിവരാണ് കേസന്വേഷണം നടത്തിയത്.