നയനക്കേസ്: അന്വേഷണത്തിൽ ബോധപൂർവം വീഴ്ച വരുത്തിയില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ

Tuesday 07 February 2023 12:28 AM IST

തിരുവനന്തപുരം: സംവിധായിക നയനയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ബോധപൂർവം യാതൊരുവീഴ്ചയും വരുത്തിയിട്ടില്ലെന്ന് സംഭവം അന്വേഷിച്ച മ്യൂസിയം സ്റ്രേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കി.

നയനയെ ആൽത്തറയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം ലഭിച്ചാണ് സ്ഥലത്തെത്തിയത്. മൃതദേഹത്തിൽ പുറമേ പരിക്കുകളോ മറ്ര് അസ്വാഭാവിക ലക്ഷണങ്ങളോ പ്രകടമായിരുന്നില്ല. മുറിയിൽ തനിച്ചായിരുന്ന നയനയ്ക്ക് ഷുഗർ ലെവൽ താഴ്ന്ന് ആരോഗ്യപ്രശ്‌നമുണ്ടായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവരും ബന്ധുക്കളും പറഞ്ഞത്. മരണത്തിൽ സുഹൃത്തുക്കളോ ബന്ധുക്കളോ സംശയം പ്രകടിപ്പിച്ചിരുന്നില്ല. മുറി അടച്ചിരിക്കുകയായിരുന്നുവെന്നും ബലം പ്രയോഗിച്ചാണ് തുറന്നതെന്നുമുള്ള വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിനായിരുന്നു കേസ് രജിസ്റ്റർ ചെയ്‌തിരുന്നത്.

അസ്വാഭാവിക മരണങ്ങളിൽ സാധാരണപോലെ എഫ്.ഐ.ആറിനൊപ്പം നയനയുടെ വസ്ത്രങ്ങളും പുതപ്പും മഹസറിൽ പറഞ്ഞിരിക്കുന്ന മറ്ര് സാധനങ്ങളും ആർ.ഡി.ഒ കോടതിയിൽ ഹാജരാക്കുകയും പിന്നീട് സ്റ്റേഷനിൽ സൂക്ഷിക്കുകയുമായിരുന്നു എന്നുമാണ് കേസ് അന്വേഷിച്ച രണ്ട് എസ്.ഐമാരും ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നൽകിയത്. ഇവർക്ക് പുറമേ അന്വേഷണനടപടികളുമായി ബന്ധപ്പെട്ടെത്തിയ പൊലീസുകാരും ക്രൈംബ്രാഞ്ച് ഓഫീസിലെത്തി ഡ്യൂട്ടിയുടെ ഭാഗമായി തങ്ങൾ പൂർത്തിയാക്കിയ നടപടികൾ വിശദീകരിച്ചു. നയനയുടെ സുഹൃത്തുക്കളും അയൽക്കാരുമുൾപ്പെടെയുള്ള മഹസർ സാക്ഷികളായ ആളുകളെയും മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുണ്ട്.