സംസ്ഥാന ബഡ്ജറ്റും വർഗസമരവും

Tuesday 07 February 2023 12:00 AM IST

രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാമത്തെ ബഡ്‌ജറ്റ് സംസ്ഥാനത്താകെ വലിയ ഭൂകമ്പത്തിന് വഴിതുറന്നിരിക്കുന്നു. ബഡ്‌ജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുന്നോട്ടുവച്ച നികുതിപരിഷ്കാര നിർദ്ദേശങ്ങളാണ് വിനയായത്. സംസ്ഥാനം അങ്ങേയറ്റത്തെ സാമ്പത്തിക ഞെരുക്കത്താൽ വീർപ്പുമുട്ടുന്ന കാലമാണ്. സംസ്ഥാനത്തിന്റെ വായ്പാപരിധിക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയതിന് പുറമേ, ഏറ്റവുമൊടുവിൽ ബഡ്‌ജറ്റിന് പുറത്തുള്ള വികസനപദ്ധതികൾക്കായി പ്രത്യേക കമ്പനി രൂപീകരിച്ചുകൊണ്ട് (കിഫ്ബി) നടത്തിയ വായ്‌പായിടപാടുകളും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിലുൾപ്പെടുത്തി അതിനനുസരിച്ചുള്ള വായ്പാവെട്ടിക്കുറവ് കൂടിവരുത്തി. സംസ്ഥാന ബഡ്‌ജറ്റ് അവതരിപ്പിച്ചത് വെള്ളിയാഴ്ചയാണെങ്കിൽ കിഫ്ബി വിഷയത്തിലെ കേന്ദ്ര അറിയിപ്പ് കടന്നുവന്നത് വ്യാഴാഴ്ച രാവിലെയാണ്.

കേന്ദ്രബഡ്‌ജറ്റിലാകട്ടെ കേരളം പ്രതീക്ഷിച്ച ധനസഹായങ്ങൾ പലതും കിട്ടിയില്ല. മഹാത്മഗാന്ധി ദേശീയതൊഴിലുറപ്പ് പദ്ധതിക്കുള്ള കേന്ദ്രവിഹിതം പൊതുവിൽ വെട്ടിക്കുറച്ചത് ഏറ്റവുമധികം ബാധിക്കുന്നത് കേരളത്തെയാകും. കേരളത്തിൽ വളരെയധികം തൊഴിലാളികൾ ഇതിനെ ആശ്രയിച്ച് കഴിയുന്നുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾക്കായി പ്രത്യേക സംഘടന പോലുമുണ്ടായ സംസ്ഥാനമാണ് കേരളം. ട്രേഡ് യൂണിയൻ അതിപ്രസരം ഏറ്റവുമേറെയുള്ള കേരളത്തിൽ അത് സ്വാഭാവികമാണ്.

വളരെയധികം ക്ഷേമപ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഇടതുപക്ഷം തുടർഭരണം ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. കൊവിഡ് കാലത്തെ സൗജന്യഭക്ഷ്യധാന്യ കിറ്റ് വിതരണം, ക്ഷേമപെൻഷൻ വർദ്ധന, അതിന്റെ കാര്യക്ഷമമായ വിതരണം എന്നിവയെല്ലാം ഇടതുപക്ഷത്തെ തുടർഭരണത്തിലേക്ക് നയിക്കാൻ വഴിയൊരുക്കിയിട്ടുണ്ട്. പൊതുമേഖലയിലടക്കം ഓഹരികൾ വിറ്റഴിച്ച് രാജ്യം ഭരിക്കുന്നവർ അതിദ്രുതം സ്വകാര്യവത്കരണപാതയിലേക്ക് നടന്നുകയറുമ്പോൾ പൊതുമേഖലയെ ശക്തിപ്പെടുത്തി ഇടതുബദൽ കാഴ്ചവയ്ക്കാനാണ് കേരളസർക്കാരിന്റെ ശ്രമം. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി ഏറ്റെടുത്തത് അതിന്റെ വലിയ ഉദാഹരണമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും സംസ്ഥാനത്തിന്റെ വിഭവസമാഹരണമാർഗം തീർത്തും പരിമിതമാണ്.

ചരക്കുസേവന നികുതി പ്രാബല്യത്തിൽ വരുംമുമ്പ് ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് നികുതിവരവിന് വഴിയൊരുക്കാൻ പലവഴികളുണ്ടായിരുന്നു. ഉപഭോക്തൃ സംസ്ഥാനമായതുകൊണ്ടുതന്നെ ഉത്‌പന്നങ്ങൾ ഏറ്റവുമധികം വിറ്റഴിയുന്ന സംസ്ഥാനത്തിന് വില്പനനികുതി ഇനത്തിലും മറ്റും വരുമാനവഴി തേടാമായിരുന്നു. അപ്പോഴും അതിർത്തി ചെക്പോസ്റ്റുകളിലെയും മറ്റുമുള്ള നികുതിചോർച്ചയും അഴിമതിയും കെടുകാര്യസ്ഥതയും സംസ്ഥാനത്തെ കെടുതിയിലേക്ക് നയിച്ചിരുന്നു എന്നത് മറ്റൊരുകാര്യം. ചരക്കുസേവന നികുതി വരുന്നതോടെ സംസ്ഥാനത്തിന് സ്വന്തമായി നികുതിപിരിവ് സാദ്ധ്യമാക്കാനുള്ള വഴികൾ പരിമിതപ്പെട്ടു. എന്നിരുന്നാലും ഉപഭോക്തൃസംസ്ഥാനമായതിനാൽ രാജ്യത്തെവിടെ ഉത്പാദനവും മൂല്യവർദ്ധനയും നടന്നാലും നികുതിയുടെ ഒരു വിഹിതം കേരളത്തിന് കിട്ടുമെന്നിരിക്കെ, ജി.എസ്.ടി കേരളത്തിന് വലിയതോതിൽ ഗുണം ചെയ്യുമെന്നാണ് കരുതപ്പെട്ടത്.

ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക് തുടക്കത്തിൽ ജി.എസ്.ടിയെ ശക്തമായി പിന്തുണച്ചത് ഇതുകൊണ്ടായിരുന്നു. എന്നാൽ ജി.എസ്.ടി നടപ്പായപ്പോൾ സംഗതി മാറി. കേരളത്തിന് നഷ്ടക്കച്ചവടമെന്ന നിലയായി. അത് കേന്ദ്രം അവർക്ക് മാത്രം അനുകൂലമാകുന്ന തരത്തിൽ അതിന്റെ ഘടനാപരിഷ്കാരം നടത്തിയതിനാണെന്നാണ് കേരളമടക്കം വിമർശിച്ചത്. സംസ്ഥാനങ്ങളെ ഞെരുക്കി വരുതിയിലാക്കാൻ ബി.ജെ.പി സർക്കാർ ജി.എസ്.ടിയെയും ഉപയോഗിച്ചപ്പോൾ എല്ലാവർക്കും എതിർക്കേണ്ടിവന്നു.

എങ്കിലും സംയോജിത ജി.എസ്.ടി റിട്ടേണുകളിൽ സംസ്ഥാനത്തിനും ഘടനാപരമായ പരിഷ്കാരം വരുത്താനാകുമായിരുന്നു. അത് ചെയ്യേണ്ടത് അനിവാര്യവുമായിരുന്നു. എന്തുകൊണ്ടോ, ധനകാര്യവിദഗ്ദ്ധനായി അറിയപ്പെടുന്ന തോമസ് ഐസക് ഭരിച്ചപ്പോഴും അതിനുള്ള കാര്യമായ ഇടപെടലുകൾ നികുതിവകുപ്പിൽ നിന്നുണ്ടായില്ല. ഇതുകാരണം അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന് ശരാശരി 25,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് എക്സ്പൻഡിച്ചർ റിവ്യു കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്.

അഞ്ച് വർഷത്തിലൊരിക്കൽ ജീവനക്കാരുടേയും പെൻഷൻകാരുടേയും ശമ്പള, പെൻഷൻ വർദ്ധനവ് വരുത്തുന്നതിലൂടെ ഈയിനത്തിൽ വന്നുപെടുന്ന ചെലവ് സംസ്ഥാനത്തിന് താങ്ങാവുന്നതിലപ്പുറമായിരിക്കുന്നു. പത്ത് വർഷത്തിലൊരിക്കൽ എന്ന നിലയിൽ ശമ്പളപരിഷ്കരണമൊക്കെ മാറ്റേണ്ടകാലം എന്നേ അതിക്രമിച്ചിരിക്കുന്നു! എന്നാൽ, ഇടതുപക്ഷമുൾപ്പെടെയുള്ള സർക്കാരുകൾ, ജീവനക്കാരുടെ സമ്മർദ്ദത്തോട് സന്ധിചെയ്യാനാണ് താത്‌പര്യപ്പെടുന്നത്. ഏറ്റവുമധികം വൈറ്റ്കോളർ ജോലിക്കാരുള്ള കേരളത്തിൽ അവരും കുടുംബാംഗങ്ങളും ഉൾപ്പെടുന്ന വോട്ടുബാങ്കിനെ പ്രീണിപ്പിക്കൽ തന്നെയാണ് ഇതിന് പിന്നിൽ. മാത്രവുമല്ല, ഈ ശമ്പളപരിഷ്കരണം വേണ്ടിവരുന്നതാകട്ടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അതേവർഷത്തിലുമാണ്.

സംസ്ഥാനസർക്കാരിന്റെ തന്നെ കണക്കനുസരിച്ച് ശമ്പളവും പെൻഷനും നൽകാൻ മാത്രം ഒരുവർഷം വേണ്ടിവരുന്നത് 70,000 കോടി രൂപയാണ്. 2011ലെ ഉമ്മൻചാണ്ടി സർക്കാരാണ് ക്ഷേമപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് ക്ഷേമപെൻഷൻ പരിപാടി സംസ്ഥാനത്ത് ആവിഷ്കരിച്ചത്. സംസ്ഥാനത്ത് ആനുകൂല്യങ്ങളൊന്നും കിട്ടാത്ത അറുപത് കഴിഞ്ഞവർക്ക് 600 രൂപ ക്ഷേമപെൻഷനായി നടപ്പാക്കി. എന്നാൽ ബാലാരിഷ്ടതകൾ പദ്ധതിയെ ബാധിച്ചതിനാൽ യു.ഡി.എഫ് ഭരണകാലത്ത് കൃത്യമായി വിതരണം നടന്നിരുന്നില്ല. പിണറായി സർക്കാർ 2016ൽ അധികാരത്തിലെത്തിയപ്പോൾ ആദ്യം കാര്യക്ഷമമാക്കിയത് ക്ഷേമപെൻഷൻ വിതരണമാണ്. അത് വലിയൊരു വോട്ടുബാങ്കിനെ കൂടെകൊണ്ടുവരുമെന്ന് ചിന്തിക്കാൻ അവർക്കായി. വിതരണം കാര്യക്ഷമമാക്കുക മാത്രമല്ല, പടിപടിയായി ഉയർത്തി അഞ്ചുവർഷം പിന്നിടുമ്പോൾ 1600 രൂപയിലെത്തിക്കുകയും ചെയ്തു. ഇത് വീണ്ടും കൂട്ടുമെന്ന് ഇടതുമുന്നണി കഴിഞ്ഞ പ്രകടനപത്രികയിലും വാഗ്ദാനം ചെയ്തതാണ്. പക്ഷേ അതിന് നിവൃത്തിയില്ലാത്തവണ്ണം നിസഹായാവസ്ഥയിലാണ് സംസ്ഥാനസർക്കാർ. ഇപ്പോഴത്തെ ക്ഷേമപെൻഷൻ വിതരണത്തിന് മാത്രം ഒരുവർഷം 11,000 കോടി രൂപ സംസ്ഥാനം കണ്ടെത്തണം. ഇങ്ങനെ ഉത്‌പാദനക്ഷമമല്ലാത്ത ധനച്ചെലവ് വലിയ തോതിൽ സംസ്ഥാനത്തിന് താങ്ങേണ്ടിവരുന്നു.

കേരളത്തിന്റെ നിലവിലെ സ്ഥിതിയിൽ അടിസ്ഥാനസൗകര്യ വികസനത്തിന് പണം കണ്ടെത്താൻ വേറെ മാർഗമൊന്നുമില്ലെന്ന സ്ഥിതി വന്നതോടെയാണ് 1999ൽ ആവിഷ്കരിക്കപ്പെട്ടതും പിന്നീട് പ്രവർത്തനക്ഷമമല്ലാതിരുന്നതുമായ കിഫ്ബിയെ തോമസ് ഐസകിലെ ധനതന്ത്രജ്ഞൻ പൊടിതട്ടിയെടുത്തതും അതുവഴി പ്രത്യേക വായ്പാസമാഹരണം നടത്തി വികസനപദ്ധതികൾക്ക് വിനിയോഗിക്കാൻ തീരുമാനിക്കുകയും ചെയ്തത്. അഞ്ചുവർഷം കൊണ്ട് അമ്പതിനായിരം കോടിയുടെ വികസനപദ്ധതികൾ പ്രഖ്യാപിച്ചാണ് ലണ്ടൻ സ്റ്റോക് എക്സ്‌ചേഞ്ചിൽ നിന്ന് മസാലബോണ്ട് ഇറക്കുന്നതുൾപ്പെടെയുള്ള സാഹസത്തിലേക്ക് കേരളത്തിലെ ഇടതുപക്ഷസർക്കാർ തുനിഞ്ഞത്. ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് മുതലാളിവർഗത്തിന്റെ പ്രതിബിംബമായി കാൾമാർക്സ് കണ്ടെത്തിയിട്ട് പോലും അനുയായികളായ കേരളഭരണാധികാരികൾ മസാലബോണ്ടിനെ ആലിംഗനം ചെയ്യാനിറങ്ങിപ്പുറപ്പെട്ടത് ചർച്ചയായിരുന്നു.

കിഫ്ബിയുടെ സംവിധാനത്തിനെതിരെ പലവിധത്തിലുള്ള വിമർശനങ്ങളുയർന്നു. ഇതിന്റെ ധനസമാഹരണരീതി സംസ്ഥാനത്തെ പാപ്പരാക്കുമെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ പോലും ആശങ്കപ്പെട്ടു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കിഫ്ബിയിൽ സംശയം പ്രകടിപ്പിച്ചു. ഇതിനെതിരെയൊക്കെ അസാധാരണരീതിയിൽ പ്രതികരിച്ച് തോമസ് ഐസക് എന്ന ധനമന്ത്രി രംഗത്തെത്തിയത് കേരളം വലിയ തോതിൽ ചർച്ച ചെയ്തതാണ്.

കേരളത്തെ വികസനപാതയിലേക്ക് നയിക്കാൻ ഇതല്ലാതെ വേറെവഴിയില്ലെന്ന് പിണറായി സർക്കാർ ഉറച്ച നിലപാടെടുത്തു. മറ്റ് നികുതിവരുമാന മാർഗങ്ങളൊക്കെ ആനുകൂല്യത്തിനും ക്ഷേമ ത്തിനും ഉപയോഗിച്ച് അതിലൂടെ സ്വകാര്യവത്കരണത്തിന് ബദലൊരുക്കാനാണ് സർക്കാരിന്റെ ശ്രമം. അതിനിടയിലാണ് കേന്ദ്രത്തിന്റെ സമ്മർദ്ദവും ജി.എസ്.ടി നഷ്ടപരിഹാരത്തിൽ പ്രതീക്ഷിച്ചതിനപ്പുറം കുറവ് സംഭവിച്ചത്.

ജനകീയ ജനാധിപത്യ വിപ്ലവത്തിലൂടെ തൊഴിലാളിവർഗ സർവാധിപത്യമാണല്ലോ മാർക്സിസ്റ്റ് പാർട്ടിയുടെ സ്വപ്നം. ഇടതുപക്ഷം ഭരിക്കുമ്പോൾ കേരളത്തെ ആസംവിധാനത്തിലേക്ക് മാറ്റിയെടുക്കാനുള്ള എളിയ പരിശ്രമമെങ്കിലും ഉണ്ടാവാതിരിക്കുന്നത് വിശ്വാസ്യതാനഷ്ടമുണ്ടാക്കും . ഈ ബോദ്ധ്യത്താലാണ് അതിദാരിദ്ര്യ ലഘൂകരണം, ലൈഫ് മിഷൻ, ക്ഷേമപെൻഷൻ തുടങ്ങി പല കാര്യങ്ങൾക്ക് ഊന്നൽ നൽകുന്നുവെന്ന പ്രതീതി സൃഷ്ടിക്കാൻ സംസ്ഥാനസർക്കാർ ശ്രമിച്ചുവന്നത്.

സംസ്ഥാനത്തിന് വരുമാനമില്ല. ചെലവ് ഉത്‌പാദനപരമല്ല. കേന്ദ്രം വരിഞ്ഞ് മുറുക്കുന്നു. എന്നാൽ അടിസ്ഥാനവർഗത്തോടുള്ള പ്രതിബദ്ധതയിൽ നിന്ന് ഒളിച്ചോടാനും വയ്യ. ചെകുത്താനും കടലിനും നടുക്കകപ്പെട്ട അവസ്ഥയിൽ ധനമന്ത്രിയായ കെ.എൻ. ബാലഗോപാൽ പിടിച്ചിനിൽക്കാൻ നടത്തിയ കടുത്ത കാൽവയ്പായിപ്പോയി അതിനാൽ ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റ്. ജി.എസ്.ടി വന്നതോടെ, പെട്രോളിയം, മദ്യം പോലെ പരിമിതമായ നികുതിസ്രോതസ്സേ സംസ്ഥാനത്തിന് സ്വന്തമായുള്ളൂ. അതിനെ പരമാവധി ഉപയോഗിക്കുകയല്ലാതെ മാർഗമില്ല. എന്നാൽ പെട്രോൾ, ഡീസൽ എന്നിവയ്ക്ക് രണ്ട് രൂപ സെസ്സ് ഏർപ്പെടുത്തിയ തീരുമാനം എടുത്തുചാട്ടമായിപ്പോയി. കേരളത്തിന് ഇതുകൊണ്ട് വരുമാനനേട്ടമുണ്ടാവില്ല. കാരണം അയൽസംസ്ഥാനങ്ങളിലെല്ലാം വില കുറഞ്ഞിരിക്കുമ്പോൾ (കേരളത്തിനകത്തുള്ള മാഹിയിൽ പോലും) പരമാവധി ആളുകളും വൻകിട വാഹനങ്ങളുമെല്ലാം അയൽസംസ്ഥാനങ്ങളിലെത്തി ഇന്ധനം നിറയ്ക്കാൻ ശ്രമിക്കും. മദ്യത്തിന് ഇപ്പോൾത്തന്നെ വൻനികുതിയാണ്. ഇനിയും പിഴിയുമ്പോൾ മദ്യപാനികൾ ചെലവ് കുറഞ്ഞ ലഹരിയിലേക്ക് വഴിമാറില്ലെന്ന് ആരുകണ്ടു!

ദീർഘവീക്ഷണമില്ലായ്മ

പിടിച്ചുനിൽക്കാൻ പല വഴികളെക്കുറിച്ചും ചിന്തിച്ച് ആളുകളെ വെറുപ്പിക്കാത്ത, ദീർഘവീക്ഷണത്തോടെയുള്ള ബഡ്ജറ്റിലേക്ക് കടക്കേണ്ടിയിരുന്നു ഇടതുസർക്കാരെന്ന് വിമർശകർ പറയുന്നതിൽ കഴമ്പുണ്ട്. പൂർണമായും ഉപഭോക്തൃസംസ്ഥാനമായ കേരളത്തിൽ ജനത്തെ വിപണി ഇടപെടലിന് പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ പ്രഖ്യാപിക്കാമായിരുന്നു. ഷോപ്പിംഗ് മേളയൊക്കെ സംഘടിപ്പിക്കാമല്ലോ. കിഫ്ബി പോലും ഇടപെടുന്നത് ഉത്‌പാദനപരമായ പദ്ധതികൾക്കാണെന്ന് പറയാനാവില്ല. എം.എൽ.എമാർ മണ്ഡലത്തിൽ ചെലവ് കൂടിയ പാലത്തിന് അപേക്ഷകൊടുത്താലും കിഫ്ബിയുടെ ചെലവിലേക്ക് മാറ്റപ്പെടുന്ന സ്ഥിതിയാണ്. ഒരു പാലം വരുമ്പോൾ സംസ്ഥാനത്തിനുള്ള അധികനേട്ടമെന്തെന്ന് കണ്ടെത്തി പ്ലാൻ തയാറാക്കുകയാണ് ആവശ്യം. ഒരു ഡാം പണിയുമ്പോൾ വർദ്ധിക്കുന്ന കൃഷിസാദ്ധ്യത സംസ്ഥാനവരുമാനത്തിന് ഉപയുക്തമാക്കുന്നത് നല്ല ധനമാനേജ്മെന്റാണ്.

പിന്നെയുള്ള പ്രശ്നം അനാവശ്യ ചെലവും ധൂർത്തുമാണ്. കിഫ്ബി ഒരു വെള്ളാനയായി മാറുന്നില്ലേ എന്ന തോന്നൽ ശക്തമാണ്. വിരമിച്ച മുൻ ചീഫ്സെക്രട്ടറിയാണ് അതിന്റെ തലപ്പത്ത്. അദ്ദേഹത്തിന്റെയടക്കം ശമ്പള ആനുകൂല്യങ്ങൾക്കുണ്ടാകുന്ന ചെലവൊക്കെ എത്രയാണ്! പുറമേ മറ്റുള്ള ചെലവുകൾ. മുഖ്യമന്ത്രിയുടെ സഞ്ചാരത്തിന് തന്നെ എത്ര സുരക്ഷാവാഹനങ്ങളാണ്, എത്ര ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്. ഇടയ്ക്കിടയ്ക്ക് മന്ത്രിമാർക്കും മറ്റുമായി വാഹനങ്ങൾ വാങ്ങുന്നു. പൊതുമേഖലാസ്ഥാപനങ്ങളിലും ബോർഡുകളിലും കമ്മിഷനുകളിലും മറ്റും നടക്കുന്ന രാഷ്ട്രീയ നിയമനങ്ങളും അതിനായി വരുന്ന ഭരണച്ചെലവും എത്രയാണ്. ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കുമ്പോൾ അവരിൽനിന്ന് അതിനനുസരിച്ചുള്ള പ്രോഡക്ടിവിറ്റി സർക്കാരിന് ഉണ്ടാകുന്നുണ്ടോ എന്ന ചോദ്യം അവഗണിക്കാനാവില്ല സംയോജിത ജി.എസ്.ടി ഘടനാപരിഷ്കാരത്തിൽ അലസതകാട്ടാൻ മാത്രം ശുഷ്കമല്ലല്ലോ നമ്മുടെ നികുതിവകുപ്പ്. സർക്കാരിന്റേത് മാത്രമായ അലസത, അനാവശ്യ ആർഭാടങ്ങൾ എന്നിവയ്‌ക്കിടെയാണ് പെട്രോളിനും ഡീസലിനും സെസിലൂടെ അധികഭാരമേല്പിക്കുന്നത്. ഇതാണ് ജനങ്ങൾക്കിടയിൽ വ്യാപക അമർഷമുണ്ടാകാൻ കാരണം.

തിരഞ്ഞെടുപ്പ് വർഷമല്ലല്ലോ എന്ന ആശ്വാസത്തോടെയാണ് നികുതിതാണ്ഡവത്തിന് ഇത്തവണ ധനമന്ത്രി മുതിർന്നതെന്ന് സ്വാഭാവികമായും വിലയിരുത്തപ്പടുന്നു. എന്നാൽ, ഇത് വരുത്തിവച്ച ആഘാതം അടുത്ത വർഷത്തെ തിരഞ്ഞെടുപ്പ് വരെ നീളില്ലെന്ന് എന്താണുറപ്പ്. അതിന് മുൻപ് ഒരു ബഡ്ജറ്റ് കൂടി വരാനുണ്ടെങ്കിലും ഇപ്പോഴത്തെ ജനരോഷം തണുപ്പിക്കാനുള്ള ഇടപെടലില്ലാതെ പോയാൽ ധനമാനേജ്മെന്റിന്റെ പിടിപ്പുകേടിന് വലിയ വില നല്കേണ്ടിവരും.

Advertisement
Advertisement