മെഡി. കോളേജുകൾ എങ്ങനെയെങ്കിലും പ്രവർത്തിച്ചാൽ പോരാ

Tuesday 07 February 2023 12:00 AM IST

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾ സ്വതവേ പ്രശ്നസങ്കീർണമാണ്. അതിനൊപ്പം രോഗികളെ നോക്കാനും മെഡിക്കൽ വിദ്യാർത്ഥികളെ പഠിപ്പിക്കാനുമായി വേണ്ടത്ര ഡോക്ടർമാരില്ലെന്നുകൂടി വന്നാലോ? സർക്കാർ മെഡിക്കൽ കോളേജുകൾ ഇപ്പോൾ അത്തരം ദുരിതാവസ്ഥയിലാണ്. സർക്കാരിനു കീഴിലുള്ള എല്ലാ മെഡിക്കൽ കോളേജുകളിലും ഡോക്ടർമാരുടെ കുറവുണ്ട്. പാരാമെഡിക്കൽ ജീവനക്കാരുടേയും മറ്റു ജീവനക്കാരുടേയും കുറവുമൂലമുണ്ടാകുന്ന പ്രതിസന്ധികൾ വേറെ.

ഒരുകാലത്ത് സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളായിരുന്നു ഏറ്റവും മികച്ച ചികിത്സയും പരിചരണവും ലഭിക്കുന്ന സ്ഥാപനങ്ങൾ. സ്വകാര്യ മെഡിക്കൽ കോളേജുകളുടെ ആവിർഭാവത്തോടെ ആ നില പതിയെ മാറിക്കൊണ്ടിരിക്കുകയാണെന്നു പറയാം. എന്നിരുന്നാലും ഏറ്റവും പ്രഗത്ഭരായ ഡോക്ടർമാരും രോഗനിർണയ മികവുകളും കണക്കിലെടുക്കുമ്പോൾ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികൾ തന്നെയാണ് സമൂഹത്തിന് വിശ്വാസപൂർവം ആശ്രയിക്കാവുന്നത്. നിർഭാഗ്യവശാൽ വിട്ടൊഴിയാത്തവിധം പ്രശ്നസങ്കീർണമാണ് അവിടത്തെ കാര്യങ്ങൾ. ഡോക്ടർമാരുടെ കുറവുമൂലം സർക്കാർ മെഡിക്കൽ കോളേജുകൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി കഴിഞ്ഞദിവസം ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ എല്ലാ മെഡിക്കൽ കോളേജുകളിലുമായി ഡോക്ടർമാരുടെ 303 ഒഴിവുകളാണുള്ളത്. രണ്ടുമാസം കഴിയുമ്പോൾ 41 ഡോക്ടർമാർ കൂടി വിരമിക്കുന്നതോടെ ഒഴിവുകൾ 344 ആകും. കണക്കുപ്രകാരം പ്രൊഫസർമാരുടെ മുപ്പതും അസോസിയേറ്റ് പ്രൊഫസർമാരുടെ എഴുപത്തിമൂന്നും അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഇരുനൂറും ഒഴിവുകളാണു നികത്തപ്പെടാനുള്ളത്. ഇത്രയധികം ഒഴിവുണ്ടാകാൻ കാരണം നിയമനത്തിൽ നേരിടുന്ന സാങ്കേതിക കുരുക്കുകളാണത്രെ. വലിയ അദ്ധ്വാനമില്ലാതെ പരിഹരിക്കാവുന്ന വിഷയമായിട്ടും എന്തുകൊണ്ടോ, പോകുന്നതുപോലെ പോകട്ടെ എന്ന നിലപാടിലാണ് സർക്കാർ. അസോസിയേറ്റ് പ്രൊഫസർമാരുടെ നിയമനത്തിലുണ്ടായ നിയമക്കുരുക്കാണ് ഒഴിവുകൾ നികത്താൻ തടസമായി നില്‌ക്കുന്നത്. പ്രശ്നം കോടതിയിലെത്തിയപ്പോൾ കോടതി സർക്കാരിനോടു നിലപാട് തേടിയിരുന്നു. നിലപാട് അറിയിക്കാതെ സർക്കാർ ഉരുണ്ടുകളി തുടരുകയാണ്.

മെഡിക്കൽ കോളേജുകളിൽ വേണ്ടത്ര ഡോക്ടർമാരില്ലെങ്കിൽ ആശുപത്രികളുടെ പ്രവർത്തനം മാത്രമല്ല താളം തെറ്റുന്നത്. മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തെയും ദോഷകരമായി ബാധിക്കും. മെഡിക്കൽ കൗൺസിലുകാർ പരിശോധനയ്ക്കെത്തുമ്പോൾ കൂട്ടസ്ഥലംമാറ്റം നടത്തിയാണ് ഹാജർനില മെച്ചപ്പെടുത്തിയിരുന്നത്. ഈ സൂത്രവിദ്യ വെളിച്ചത്തായതോടെ മറുവിദ്യകളുമായി കൗൺസിലും രംഗത്തുവന്നത് തിരിച്ചടിയാവുകയും ചെയ്തു. പുതുതായി തുടങ്ങിയ സർക്കാർ മെഡിക്കൽ കോളേജുകൾ ഫാക്കൽറ്റി കുറവുമൂലം ഏറെനാൾ പ്രവർത്തിക്കാനാകാത്ത നിലയിലായിരുന്നു. പണ്ടുകാലത്തെപ്പോലെ സർക്കാർ സർവീസിൽ ചേരാൻ വിദഗ്ദ്ധരായ ഡോക്ടർമാരിൽ പലരും താത്‌പര്യം കാണിക്കാത്തതും സർക്കാർ മെഡിക്കൽ കോളേജുകൾ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ്. സർക്കാർ കോളേജുകളിൽ ലഭിക്കുന്നതിനെക്കാൾ മുന്തിയ സേവന - വേതന വ്യവസ്ഥകൾ നല‌്‌കുന്ന സ്വകാര്യ മെഡിക്കൽ കോളേജുകളുണ്ട്. സേവന സാഹചര്യങ്ങളും മെച്ചമാണ്. അസിസ്റ്റന്റ് പ്രൊഫസർ തസ്‌തികയിലേക്കു അപേക്ഷ ക്ഷണിച്ചാലും ആളെ കിട്ടാത്ത സ്ഥിതിയാണ്. സമൂഹത്തിലെ ഇടത്തരക്കാരും താഴെ തട്ടിലുള്ളവരുമാണ് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളെ പ്രധാനമായും ആശ്രയിക്കുന്നത്. ഡോക്ടർമാരുൾപ്പെടെ ജീവനക്കാരുടെ കുറവ് പ്രതികൂലമായി ബാധിക്കുന്നത് ഈ വിഭാഗങ്ങളെയാണ്. മൊത്തം 1245 ഡോക്ടർമാർ വേണ്ടിടത്ത് അതിൽ മൂന്നിലൊരു ഭാഗം ഒഴിഞ്ഞുകിടന്നാൽ എങ്ങനെ ഈ ആശുപത്രികൾ നല്ലനിലയിൽ പ്രവർത്തിക്കും?

Advertisement
Advertisement