മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ മിഴാവ് സമർപ്പിച്ചു

Monday 06 February 2023 10:00 PM IST

കണ്ണൂർ:മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠയുടെയും നവീകരണ കലശത്തിന്റെയും ഭാഗമായി കാളത്തിൽ മേക്കാട്ട് മന പരമേശ്വരൻ നമ്പൂതിരി, വി.നിരഞ്ജൻ , വി.മാധവ് എന്നിവർക്ക് വേണ്ടി മിഴാവും മിഴാവണെയും യുവനർത്തകി കലാക്ഷേത്ര പി.പ്രതീക്ഷ സമർപ്പിച്ചു . മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ .മുരളിക്ക് കൈമാറിക്കൊണ്ടാണ് സമർപ്പിച്ചത്.

മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. മിഴാവിന്റെ പ്രസക്തിയെക്കുറിച്ച് ചാക്യാർകൂത്ത് കലാകാരൻ വിദൂഷകശ്രീ എളവൂർ അനിൽ മുഖ്യപ്രഭാഷണം നടത്തി . മലബാർ ദേവസ്വം തലശ്ശേരി ഏരിയ ചെയർമാൻ ടി.കെ. സുധി, സിനിമാതാരം വിനു മോഹൻ, തന്ത്രിമാരായ ബ്രഹ്മശ്രീ കോഴിക്കോട്ടിരി ശ്രീധരൻ നമ്പൂതിരിപ്പാട്, നന്ത്യാർവള്ളി ശങ്കരൻ നമ്പൂതിരിപ്പാട്, മുൻ മേൽശാന്തി കെ.സി.ഡി.പി നാരായണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു. യുവ മിഴാവ് കലാകാരൻ കലാമണ്ഡലം അബിജോഷിന്റെ നേതൃത്വത്തിലാണ് പാലക്കാട് ജില്ലയിൽ മിഴാവിന്റെ നിർമ്മാണം പൂർത്തീകരിച്ചത് .നവീകരണ കലശം പൂർത്തിയാവുന്നതോടുകൂടി ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് മിഴാവ് നേരിട്ട് കാണാം.