കണ്ണൂർ കാർ ദുരന്തം: വിദഗ്ധ സമിതി പരിശോധന നടത്തി

Monday 06 February 2023 10:10 PM IST

കണ്ണൂർ: ജില്ല ആശുപത്രിക്ക് സമീപം ഓടുന്ന കാർ കത്തി ഗർഭിണിയും ഭർത്താവും മരിച്ച സംഭവത്തിൽ വിദഗ്ദ്ധസമിതി പരിശോധന നടത്തി. കണ്ണൂർ ആർ.ടി.ഒ. ഇ.എസ്.ഉണ്ണികൃഷ്ണൻ, ആർ.ടി.ഒ. എൻഫോഴ്സ്‌മെന്റ് വിഭാഗം എം.വി.ഐമാരായ പി.വി. ബിജു, ജഗൻലാൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കാറിന്റെ സാങ്കേതിക വിവരങ്ങളെ കുറിച്ചും വയറിംഗിനെ കുറിച്ചും മനസിലാക്കാൻ മാരുതിയുടെ ടെക്നിഷ്യനെ അന്വേഷണ സംഘം വിളിച്ചു വരുത്തിയിരുന്നു.

കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിലുള്ള വാഹനത്തിൽ ഇന്നലെ രാവിലെ രണ്ട് മണിക്കൂറോളമാണ് പരിശോധന നടത്തിയത്.അതേ സമയം കാറിൽ നിന്ന് കണ്ടെത്തിയ രണ്ട് പ്ലാസ്റ്റിക് കുപ്പികളിൽ എന്തായിരുന്നുവെന്ന് തിരിച്ചറിയാനുള്ള പരിശോധന പൂർത്തിയായില്ല. കാറിൽ നിന്ന് ശേഖരിച്ച വസ്തുക്കൾ കോടതി മുഖേനയാണ് കണ്ണൂർ റീജിയണൽ ലാബിൽ എത്തിക്കുക. ഒരാഴ്ചക്കുള്ളിൽ ഫലം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കണ്ണൂർ ആർ.ടി.ഒ. ഇ.എസ്. ഉണ്ണികൃഷ്ണൻ പറഞ്ഞു.