എട്ട് വയസുള്ള പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ പ്രതിക്ക് 40 വർഷം കഠിന തടവും ഒന്നരലക്ഷം പിഴയും ശിക്ഷ

Tuesday 07 February 2023 1:24 AM IST

കുന്നംകുളം: വാടക വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവും 1.50 ലക്ഷം രൂപ പിഴയും ശിക്ഷ. വലപ്പാട്, കഴിമ്പ്രം കരീപറമ്പിൽ വീട്ടിൽ രാമു മകൻ സന്തോഷ് (45) എന്നയാളെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജ് ലിഷയാണ് ശിക്ഷിച്ചത്.

കുട്ടിയിൽ നിന്ന് വിവരമറിഞ്ഞ മാതാപിതാക്കൾ വലപ്പാട് പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിനെ തുടർന്നാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷനായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്‌സോ) കെ.എസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കാനായി അഡ്വ.അമൃതയും ഹാജരായി. വലപ്പാട് പൊലിസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറായിരുന്ന രതീഷ് കെ.സി കേസ് രജിസ്റ്റർ ചെയ്തു. വലപ്പാട് സബ് ഇൻസ്‌പെക്ടർ അരിസ്റ്റോട്ടിൽ വി.പി തുടരനേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.