യുവാവിനെയും പെൺസുഹൃത്തിനെയും ഭീഷണിപ്പെടുത്തി കാറും പണവും തട്ടിയകേസ് : പ്രതികൾക്ക് തടവും പിഴയും
കൊച്ചി: ഫോർട്ടു കൊച്ചിയിലെ ഗുഡ് ഷെപ്പേഡ് ഹോം സ്റ്റേയിൽ അതിക്രമിച്ചു കയറി എഴുപുന്ന സ്വദേശിയായ യുവാവിനെയും പെൺ സുഹൃത്തിനെയും ഭീഷണിപ്പെടുത്തി കാറും പണവും സ്വർണവും തട്ടിയെടുത്തെന്ന കേസിൽ ഫോർട്ടു കൊച്ചി സ്വദേശികളായ അൽത്താഫ്, ഇജാസ്, ക്രിസ്റ്റി എന്നീ പ്രതികൾക്ക് എറണാകുളം അഡി. സെഷൻസ് കോടതി അഞ്ചു വർഷം കഠിന തടവും 15,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പിടിച്ചുപറി, ഗൂഢാലോചന എന്നീ കുറ്റങ്ങൾക്കാണ് ശിക്ഷ വിധിച്ചത്. ഇതിനു പുറമേ ഹോം സ്റ്റേയിൽ അതിക്രമിച്ചു കയറിയതിന് മൂന്നു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴയൊടുക്കിയില്ലെങ്കിൽ അഞ്ചു മാസം കൂടി തടവുശിക്ഷ അനുഭവിക്കണം.
2015 ഒക്ടോബർ 22 നാണ് സംഭവം. പ്രതികൾ പരാതിക്കാരിൽ നിന്ന് കാറും സ്വർണവും തട്ടിയെടുത്തതിനു പുറമേ പെൺ സുഹൃത്തിനൊപ്പമുള്ള ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിൽ നിന്ന് 31,000 രൂപയും വാങ്ങി. മാനക്കേട് മൂലം ഇവർ അന്നു പരാതി നൽകിയില്ല. എന്നാൽ പ്രതികൾ വീണ്ടും പണത്തിനായി ഭീഷണിപ്പെടുത്തിയപ്പോഴാണ് യുവാവ് ഫോർട്ടു കൊച്ചി പൊലീസിൽ പരാതി നൽകിയത്. പെൺസുഹൃത്ത് വിചാരണ വേളയിൽ കൂറുമാറി. എന്നാൽ പരാതിക്കാരന്റെ മൊഴിയും ഇലക്ട്രോണിക് തെളിവുകളും മറ്റു സാഹചര്യത്തെളിവുകളും കണക്കിലെടുത്താണ് കോടതി ശിക്ഷ വിധിച്ചത്.