അമേരിക്കയെ കടത്തിവെട്ടി വിക്രാന്തിൽ പോർ വിമാനമിറക്കി

Tuesday 07 February 2023 4:04 AM IST

 നാവികസേനയ്ക്ക് ചരിത്ര നേട്ടം

കൊച്ചി: ഇന്ത്യൻ നിർമ്മിത വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്തിൽ യുദ്ധവിമാനം വിജയകരമായി ഇറക്കി ചരിത്രനേട്ടം കൈവരിച്ച് നാവികസേന. വിമാനവാഹിനി കമ്മിഷൻ ചെയ്ത് അഞ്ചുമാസത്തിനകം അതിൽ പോർ വിമാനമിറക്കാൻ മറ്റൊരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല. അമേരിക്കയെ ഇക്കാര്യത്തിൽ ഇന്ത്യ കടത്തിവെട്ടി. അമേരിക്ക ആഭ്യന്തരമായി നിർമ്മിച്ച വിമാനവാഹിനിയിൽ ഒരുവർഷത്തിന് ശേഷമാണ് യുദ്ധവിമാനം പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയതെന്ന് നാവികസേന വൃത്തങ്ങൾ പറഞ്ഞു. അതിനാൽ ഇന്ത്യയ്ക്ക് അഭിമാനകരമാണ് ഈ നേട്ടം. കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച വിക്രാന്ത് 2022 സെപ്തംബർ രണ്ടിനാണ് കമ്മിഷൻ ചെയ്തത്.

കൊച്ചി പുറംകടലിൽ സഞ്ചരിക്കുന്നതിനിടെയാണ് വിക്രാന്തിൽ ഇന്നലെ ആദ്യമായി യുദ്ധവിമാനം ഇറങ്ങിയത്. സഞ്ചരിക്കുന്ന കപ്പലിലെ 200 മീറ്റർ മാത്രമുള്ള റൺവേയിൽ നിശ്ചിതസ്ഥലത്ത് ഇറക്കുകയും തിരിച്ചുപറത്തുകയും ചെയ്യുകയെന്ന ശ്രമകരമായ ദൗത്യമാണ് വിജയകരമാക്കിയത്. മിഗ് 29 കെ എന്ന റഷ്യൻ നിർമ്മിത യുദ്ധവിമാനമാണിത്. 13 സെക്കൻഡിനുള്ളിലാണ് വിമാനം ഇറക്കിയത്. ഇരട്ട എൻജിനുള്ള വിമാനം മൂവായിരം കിലോമീറ്റർ തുടർച്ചയായി പറക്കാൻ ശേഷിയുള്ളതാണ്. വിക്രാന്ത് പുറംകടലിൽ സഞ്ചരിച്ച് പരീക്ഷണങ്ങൾ തുടരുകയാണ്. മുമ്പ് ഹെലികോപ്ടറുകൾ ഇറക്കിയിരുന്നു.

''ആത്മനിർഭർ ഭാരത് പദ്ധതിയിൽ ചരിത്രപരമായ നാഴികക്കല്ലാണിത്. ഇന്ത്യൻ നാവികസേനയും നാവിക പൈലറ്റുമാരും ചേർന്നാണ് നേട്ടം കൈവരിച്ചത്.

-നാവിക വക്താവ്