16 കാരനെ പീഡിപ്പിച്ച ട്രാൻസ്‌ജെൻഡറിന് ഏഴ് വർഷം കഠിന തടവ്

Tuesday 07 February 2023 1:38 AM IST

തിരുവനന്തപുരം: പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ ട്രാൻസ്‌ജെന്ററായ പ്രതിക്ക് ഏഴ് വർഷം കഠിനതടവും 25,​000 രൂപ പിഴയും വിധിച്ചു.ചിറയിൻകീഴ് ആനന്ദലവട്ടം എൽ.പി എസിന് സമീപം സഞ്ജു സാംസനെയാണ് (34) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ട്രാൻസ്‌ജെന്ററിനെ ശിക്ഷിക്കുന്നത്.പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി സുദർശനന്റെ വിധിയിൽ പറയുന്നു.

2016 ഫെബ്രുവരി 23ന് ഉച്ചയ്ക്ക് രണ്ടിനാണ് കേസിനാസ്‌പദമായ സംഭവം.ചിറയിൻകീഴ് നിന്ന് ട്രെയിനിൽ തിരുവനന്തപുരത്ത് വരുകയായിരുന്ന കുട്ടിയെ പ്രതി പരിചയപ്പെട്ട ശേഷം തമ്പാനൂർ പബ്ലിക്ക് കംഫർട്ട് സ്റ്റേഷനിൽ കൊണ്ടു പോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്.പീഡനത്തിൽ ഭയന്ന കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞില്ല. വീണ്ടും പല തവണ പ്രതി കുട്ടിയെ ഫോണിലൂടെ വിളിച്ച് കാണണമെന്ന് പറഞ്ഞെങ്കിലും കുട്ടി തയ്യാറായില്ല. ഫോണിലൂടെ നിരന്തരം സന്ദേശങ്ങൾ അയക്കുന്നതും, സംസാരിക്കുന്നതും കുട്ടിയുടെ മാതാവിന്റെ ശ്രദ്ധയിൽപ്പെട്ടു.കുട്ടി ഫോൺ ബ്ലോക്ക് ചെയ്തപ്പോൾ പ്രതി ഫേസ്ബുക്കിലൂടെ സന്ദേശങ്ങൾ അയക്കാൻ തുടങ്ങി.സംശയം തോന്നിയ മാതാവ് കുട്ടിയോട് വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തായത്.ഉടൻ മാതാവ് തമ്പാനൂർ പൊലീസിൽ പരാതി നൽകി.തുടർന്ന് പ്രതിയെ കുട്ടിയുടെ ഫേസ്ബുക്ക് വഴി മെസേജ് അയച്ച് വിളിച്ചു വരുത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവ സമയം പ്രതി പുരുഷനായിരുന്നു.വിചാരണ വേളയിൽ വനിതാ ട്രാൻസ്‌ജെൻഡറായി (ട്രാൻസ് വുമൺ) മാറി. സംഭവ സമയത്തും ട്രാൻസ്‌ജെൻഡറായിരുന്നുവെന്നും, ഷെഫിനെന്ന പേരായിരുന്നുവെന്നും പ്രതി വാദിച്ചിരുന്നു.എന്നാൽ സംഭവ സമയത്ത് പ്രതി പുരുഷനാണെന്ന് പരിശോധനയിൽ തെളിഞ്ഞു.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ,അഭിഭാഷകരായ എം.മുബീന, ആർ.വൈ.അഖിലേഷ് ഹാജരായി.പ്രോസിക്യൂഷൻ ഏഴ് സാക്ഷികളെ വിസ്തരിച്ചു. പന്ത്രണ്ട് രേഖകൾ ഹാജരാക്കി.തമ്പാനൂർ എസ് ഐയായിരുന്ന എസ്.പി.പ്രകാശാണ് കേസ് അന്വേഷിച്ചത്.