ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്ടർ നിർമ്മാണ ശാലയാകാൻ എച്ച്.എ.എൽ ലക്ഷ്യം 1000 ഹെലികോപ്ടറുകൾ
ബംഗളൂരു: കർണ്ണാടകയിലെ തുമക്കുരുവിലെ ഹെലികോപ്ടർ നിർമ്മാണശാല പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്ടർ നിർമ്മാണ ഫാക്ടറിയാണ് ഉദ്ഘാടനം ചെയ്തത്. ഇവിടെ നിർമ്മിച്ച ആദ്യത്തെ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറിന്റെ ചെറുമാതൃക പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
ഇന്ത്യയ്‌ക്ക് അഭിമാനമായ കോപ്ടർ നിർമ്മാണ ഫാക്ടറി വഴി പ്രതിവർഷം നൂറ് ഹെലികോപ്റ്റർ വീതം നിർമ്മിക്കാൻ കഴിയുന്ന തരത്തിൽ വിപുലപ്പെടുത്തും. ഇരുപത് വർഷം കൊണ്ട് മൂന്ന് മുതൽ പതിനഞ്ച് ടൺ വരെ ഭാരമുള്ള ആയിരം ഹെലികോപ്ടറുകൾ നിർമ്മിക്കുകയാണ് ലക്ഷ്യം. 615 ഏക്കറുള്ള ഹെലികോപ്ടർ നിർമ്മാണ സമുച്ചയം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ കീഴിലാണ് നിർമ്മിച്ചിരിക്കുന്നത്. 2016-ലാണ് കർണ്ണാടകയിലെ തുമക്കുരുവിൽ പ്രധാനമന്ത്രി തറക്കല്ലിട്ടത്.
ആദ്യത്തെ എൽ.യു ഹെലികോപ്‌ർ എല്ലാവിധ ടെസ്റ്റുകളും പൂർത്തിയാക്കി പറക്കാൻ തയ്യാറാണെന്ന് എച്ച്.എ.എൽ അറിയിച്ചിട്ടുണ്ട്. ചെറു യുദ്ധവിമാനങ്ങളുടെ നിർമ്മാണവും റിപ്പയർ അടക്കമുള്ള സൗകര്യവും ഭാവിയിൽ ഒരുക്കാനാണ് പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നത്.
നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യക്ക് പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോകത്ത് മുന്നിൽ നിൽക്കുന്ന മറ്റൊരു മേഖലയാണ് ഗ്രീൻ ഹൈഡ്രജനെന്നും ബംഗളൂരുവിൽ ഇന്ത്യ എനർജി വീക്ക് -2023 ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി പറഞ്ഞു.
ബംഗളൂരു സാങ്കേതിക വിദ്യകളുടെ ഉറവിടമാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം ഊർജ്ജ ഉത്പാദനരംഗത്ത് ഇന്ത്യയ്‌ക്ക് സമാനതകളില്ലാത്ത അവസരങ്ങളാണുള്ളതെന്നും പറഞ്ഞു.
ലോകമെമ്പാടുമുള്ള 30ലധികം മന്ത്രിമാരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള 30,000ലധികം പ്രതിനിധികളും 1,000 പ്രദർശകരും 500 പ്രഭാഷകരും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യ എനർജി വീക്കിൽ പങ്കെടുക്കും.