കരിമണൽ ഖനനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി

Tuesday 07 February 2023 1:52 AM IST

അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം നിർത്തിവെക്കാൻ സുപ്രീം കോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹർജി. ഖനനം തടയണമെന്നാണ് ആവശ്യം.അഭിഭാഷകനായ ജെയിംസ് പി.തോസ് മുഖേന തോട്ടപ്പള്ളി സ്വദേശി സുരേഷ് കുമാറാണ് ഹർജി ഫയൽ ചെയ്തത്. ഖനനത്തിനെതിരെ നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു.

കുട്ടനാട്ടിലെ പ്രളയം തടയാനാണ് മണ്ണ് മാറ്റുന്നത് എന്ന വാദം പുകമറ മാത്രമാണെന്നും തീരമേഖല നിയന്ത്രണ വിജ്ഞാപനത്തിനും പരിസ്ഥിതി സംരക്ഷണ നിയമത്തിനും വിരുദ്ധമായിട്ടാണ് ഈ നടപടിയെന്നും ഹർജിയിൽ ആരോപിച്ചു. ദുരന്തനിവാരണ നിയമത്തിന്റെ പേരിൽ കരിമണൽ ഉൾപ്പെടെ ധാതുസമ്പുഷ്ടമായ മണൽത്തിട്ട അനധികൃതമായി നീക്കുന്നുവെന്നും തീരം ഇടിയുന്നത് മത്സ്യതൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുവെന്നും ഹർജിയിലുണ്ട്.