കോൺഗ്രസ് കളക്ടറേറ്റ് മാർച്ചിൽ സംഘർഷം

Tuesday 07 February 2023 1:54 AM IST
കോൺഗ്രസ്

ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ ആരോപണവിധേയനായ സി.പി.എം കൗൺസിലർ എ.ഷാനവാസിനെയും, നഗ്നദൃശ്യ വിവാദത്തിൽപ്പെട്ട എ.പി.സോണയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. റോഡ് ഉപരോധിച്ച ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് ഉൾപ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുൻ എം.എൽ.എ വി.ടി.ബൽറാം സമരം ഉദ്ഘാടനം ചെയ്തു. ജനങ്ങളെ വെല്ലുവിളിക്കാതിരിക്കാനുള്ള ഔചിത്യം ജില്ലയിലെ സി.പി.എം നേതൃത്വം കാണിക്കണമെന്ന് വി.ടി.ബൽറാം പറഞ്ഞു. കളക്ടറേറ്റിന് മുന്നിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് സമരം സംഘർഷത്തിലേക്ക് നീങ്ങിയത്. ഇതിനിടെ പ്രവർത്തകർ പൊലീസിന് നേരെ കസേരകളും കുപ്പിയും എറിഞ്ഞു. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ മരിയാപുരം ശ്രീകുമാർ, എ.എ.ഷുക്കൂർ, എം.ജെ.ജോബ്, കെ.പി.ശ്രീകുമാർ, രാഷ്ട്രീയകാര്യസമിതിയംഗം ഷാനിമോൾ ഉസ്മാൻ, കെ.കെ.ഷാജു തുടങ്ങിയവർ പങ്കെടുത്തു.