ജോലിക്കിടയിൽ കൈപ്പത്തി നഷ്ടമായ ജീവനക്കാരിക്ക് നിയമനം നൽകണം

Tuesday 07 February 2023 1:56 AM IST

ആലപ്പുഴ : കമ്പനിയിലെ ജോലിക്കിടയിൽ വലതു കൈപ്പത്തി അറ്റുപോയ വനിതാജീവനക്കാരിയ്ക്ക് ഇടതു കൈകൊണ്ട് ചെയ്യാൻ കഴിയുന്ന ഉചിതമായ ജോലി കമ്പനി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നൽകി. ജോലി നൽകിയില്ലെങ്കിൽ പരാതിക്കാരി ആവശ്യപ്പെടുന്ന ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ കമ്പനി തയ്യാറാകണമെന്നും കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി നിർദ്ദേശിച്ചു. കമ്പനി പ്രതിനിധികളുമായും പരാതിക്കാരിയുമായും ചർച്ച നടത്തണമെന്നും അനുഭാവപൂർവമായ സമീപനം സ്വീകരിച്ച് രണ്ടുമാസത്തിനകം പരാതിക്ക് പരിഹാരം കാണണമെന്നും കമ്മീഷൻ ആലപ്പുഴ ജില്ലാ ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകി.

ചേർത്തല പാണാവള്ളി ലളിതാ സദനത്തിൽ പി.കെ.ശാരദയുടെ പരാതിയിലാണ് നടപടി. 2018 ആഗസ്റ്റ് 15നാണ് പാണാവള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ കൺവെയർ ബെൽറ്റിൽ കുടുങ്ങി പരാതിക്കാരിയുടെ വലതുകൈപ്പത്തി നഷ്ടമായത്. 2019ൽ തിരികെ ജോലിക്കെത്തിയെങ്കിലും 2020 ജൂലൈ 22ന്പിരിച്ചു വിട്ടു. 300 രൂപ ദിവസവേതനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. എട്ട് മണിക്കൂർ പാക്കിംഗ് ജോലി ചെയ്യാൻ കഴിയുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പരാതിക്കാരിയെ തുടർന്ന് നിയമിക്കാം എന്നാണ് കമ്പനിയുടെ നിലപാടെന്ന് ജില്ലാ ലേബർ ഓഫീസർ കമ്മീഷനെ അറിയിച്ചു. തനിക്ക് പാക്കിംഗ് ജോലി ചെയ്യാൻ കഴിയില്ലെന്ന് കമ്പനി ഉടമയ്ക്ക് അറിയാമെന്നും അതിനാലാണ് ജോലി നൽകാമെന്ന് പറയുന്നതെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു.