അദാനി വിഷയത്തിൽ മൂന്നാം ദിവസവും പാർലമെന്റ് സ്‌തംഭനം

Tuesday 07 February 2023 12:02 AM IST

ന്യൂഡൽഹി: അദാനി വിഷയത്തിൽ ചർച്ചയും അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷം തുടർച്ചയായ മൂന്നാം ദിവസവും പാർലമെന്റിന്റെ ഇരുസഭകളും സ്‌തംഭിപ്പിച്ചു. ഫെബ്രുവരി ഒന്നിന് ബഡ്‌ജറ്റ് അവതരണത്തിന് ശേഷം ഇരുസഭകളിലും നടപടികളൊന്നും നടന്നിട്ടില്ല.

സഭയിൽ വിഷയം ശക്തമായി ഉന്നയിക്കാൻ ഇന്നലെ രാവിലെ കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു. തുടർന്ന് നേതാക്കൾ പാർലമെന്റിലെ ഗാന്ധി പ്രതിമയ്‌ക്കുമുന്നിൽ ധർണ നടത്തി. 'അദാനി-മോദി മേ യാരി ഹേ, പൈസേ കി ലൂട്ട് ജാരി ഹേ” (അദാനിയും മോദിയും സൗഹൃദത്തിൽ, പൈസയുടെ കൊള്ള തുടരുന്നു), 'സേവ് എൽ.ഐ.സി', 'സേവ് എസ്.ബി.ഐ" എന്നെഴുതിയ പ്ളക്കാർഡുകളും മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു പ്രതിഷേധം. കോൺഗ്രസ്, ഡി.എം.കെ, എൻ.സി.പി, ബി.ആർ.എസ്, ജെ.ഡി.യു, എസ്‌.പി, സി.പി.എം, സി.പി.ഐ, ജെ.എം.എം, ആർ.എൽ.ഡി, ആർ.എസ്.പി, ആം ആദ്‌മി പാർട്ടി, മുസ്ളിം ലീഗ്, ആർ.ജെ.ഡി, ശിവസേന (ഉദ്ധവ്) എന്നീ പാർട്ടികൾ ധർണയിൽ പങ്കെടുത്തു.

രാവിലെ 11ന് അദാനി വിഷയം സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസുകൾ രാജ്യസഭയിൽ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകറും ലോക്‌സഭയിൽ സ്‌പീക്കർ ഒാം ബിർളയും തള്ളിയതോടെ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി. രണ്ടുമണിവരെ നിറുത്തി വച്ച് ഇരുസഭകളിലും പിന്നീടുംബഹളം തുടർന്നതോടെ ഇന്നത്തേക്ക് പിരിഞ്ഞു.