സ്വവർഗാനുരാഗിയായ യുവതിയുടെ ഹർജിയിൽ ഇടപെട്ട് സുപ്രീംകോടതി

Tuesday 07 February 2023 12:06 AM IST

ന്യൂ ഡൽഹി: വിവാഹം കഴിക്കാനിരുന്ന കൂട്ടുകാരിയെ മാതാപിതാക്കൾ വീട്ടുതടങ്കലിലാക്കിയെന്ന് ആരോപിച്ച് യുവതി സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഇടപെടൽ. കൊല്ലം സ്വദേശിയായ യുവതിയെ കൊല്ലം കുടുംബ കോടതിയിൽ നാളെ വൈകിട്ട് അഞ്ച് മണിക്കകം ഹാജരാക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. യുവതിക്ക് കൗൺസലിംഗ് നടത്തണമെന്നത് അടക്കമുള്ള ഹൈക്കോടതി ഉത്തരവും സ്റ്റേ ചെയ്‌തു. ഹൈക്കോടതിയിലെ തുടർനടപടികളും അടുത്ത സിറ്റിംഗ് ദിവസം വരെ സ്റ്റേ ചെയ്‌തു.

തടങ്കലിലാണെന്ന് ആരോപണമുളള യുവതിക്ക് പറയാനുളളത് കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. ഇതിനായി യുവതിയെ നേരിൽ കണ്ട് റിപ്പോ‌ർട്ട് തയ്യാറാക്കാൻ സുപ്രീംകോടതിയുടെ ഇ കമ്മിറ്റി അംഗമായ സലീന വി.ജി. നായരെ ചുമതലപ്പെടുത്തി.

കൂടിക്കാഴ്‌ച്ചയ്‌ക്ക് കൊല്ലം പ്രിൻസിപ്പൽ കുടുംബ കോടതി ജഡ്‌ജി സൗകര്യമൊരുക്കണം. യുവതിയുടെ ആഗ്രഹമെന്താണ്,​ വീട്ടുതടങ്കലിലാണോ തുടങ്ങിയ കാര്യങ്ങൾ കമ്മിറ്റി അംഗം ചോദിച്ചറിയണം. മൊഴി രേഖപ്പെടുത്തുമ്പോൾ മാതാപിതാക്കളുടെ സമ്മർദമുണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണം. ഈമാസം പതിനേഴിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് നിർദേശം നൽകി.

വീട്ടു തടങ്കലിലാക്കിയിരിക്കുന്ന സ്നേഹിതയെ ഹൈക്കോടതി നിർദ്ദേശപ്രകാരമുളള കൗൺസലിംഗിന് വിധേയമാക്കുന്നത് തിരിച്ചടിയാകുമെന്നാണ് യുവതിയുടെ ആശങ്ക. യുവതിക്ക് വേണ്ടി അഭിഭാഷകരായ ശ്രീറാം പറക്കാട്ട്, എം.എസ്. വിഷ്‌ണു ശങ്കർ ചിതറ എന്നിവർ ഹാജരായി.